state-highway-
പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട പണികളിലെ പരാതികൾ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, കെ.എസ്. ടി.പി ചീഫ് എഞ്ചിനീയർ ഡിങ്കി ഡിക്രൂസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യാൻ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ യും കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡിങ്കി ഡിക്രൂസും പങ്കെടുത്ത് അവലോകനയോഗം ചേർന്നു. സംസ്ഥാനപാത വികസനവുമായി ബന്ധപെട്ട് കെ.എസ്. ടി.പി ഏറ്റെടുത്തിരിക്കുന്ന ഭൂമി പൂർണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുള്ളതായി എം.എൽ.എ പറഞ്ഞു. മഴക്കാലത്തിന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. മാർച്ച് ഇരുപത്തിനകം ടാറിംഗ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. പരമാവധി വീതി പ്രയോജനപ്പെടുത്തി ഫുട്പാത്ത് നിർമ്മിക്കണം.പല സ്ഥലങ്ങളും സർവേ കല്ലുകൾ ഓട നിർമ്മിക്കുന്നതിന് പുറത്താണ്. റോഡ് നിർമ്മാണത്തിന്റെ മറവിൽ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പച്ചമണ്ണ് കടത്തുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു.ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സക്വാഡ് രൂപീകരിച്ച് നടത്തിയ പരിശോധനയിൽ ആറ് കേസുകൾ റെജിസ്റ്റർ ചെയ്തതായി കോന്നി തഹൽസീദാർ ശ്രീകുമാർ പറഞ്ഞു. കുടിവെള്ളവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലെയും വിഷയങ്ങൾ പരിഹരിച്ചിട്ടില്ല. ഇതിനും അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. അവലോകന യോഗത്തിനു ശേഷം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡിങ്കി ഡിക്രൂസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, കെ.എസ് എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ,കോന്നി തഹൽസീദാർ കെ.ശ്രീകുമാർ എന്നിവർ ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചു.