 
തിരുവല്ല: ലോക വനിതാ ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വോക്കത്തോൺ സംഘടിപ്പിച്ചു. നാളത്തെ തലമുറയെ ഇന്ന് തന്നെ ലിംഗസമത്വം ഉറപ്പാക്കി വളർത്തണം എന്ന ആഹ്വാനത്തോടെ നടന്ന പരിപാടി കോട്ടയം ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം നിർവഹിച്ചു. പുഷ്പഗിരി ആശുപത്രിയിൽ നിന്നാരംഭിച്ച പരിപാടി നഗരത്തിൽ അവസാനിച്ചു. സമാപന സമ്മേളനത്തിൽ എസ്.സി.എസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഗീതാജോർജ് മുഖ്യസന്ദേശം നൽകി.തഹസിൽദാർ ജോൺ വർഗീസ്, പുഷ്പഗിരി സ്ഥാപനങ്ങളുടെ സി.ഇ.ഒ ഫാ. ജോസ് കല്ലുമാലിക്കൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത്, ഗൈനക്കോളജി വിഭാഗം പ്രൊഫ.ഡോ.സൂസൻ മാത്യു,ചീഫ് നഴ്സിംഗ് ഓഫീസർ സരിഗ ജെ. തെരേസ,അഡ്മിനിസ്ട്രേഷൻ മാനേജർ വിജയകുമാർ വി,ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ എന്നിവർ നേതൃത്വം നൽകി.പുഷ്പഗിരി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സ്കിറ്റുകളും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു.