പന്തളം: യുദ്ധം പൊട്ടിപ്പുറപ്പെട്ട യുക്രൈനിൽ നിന്ന് ദുരിതയാത്രയ്ക്കൊടുവിൽ തുമ്പമൺ നോർത്ത് വടക്കേമുറിയിൽ വിട്ടിൽ ജിന്നി റേച്ചൽ ജോൺ മടങ്ങിയെത്തി. കേരള ജനപക്ഷം (സെക്യുലർ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഇ.ഒ. ജോണിന്റെയും തുമ്പമൺ നോർത്ത് ജി.എച്ച്.എച്ച്.എസ്. സ്കൂൾ അദ്ധ്യാപിക ജീജയുടെയും മകളാണ് യുക്രൈനിലെ സാപ്രോഷിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനി ജിന്നി.
എഴുന്നുറോളം ഇന്ത്യക്കാരായ വിദ്യാർത്ഥികളാണ് അവിടെ പഠിച്ചിരുന്നത്. ഹോസ്റ്റലിലെ അഞ്ചാം നിലയിലായിരുന്നു വിദ്യാർത്ഥികൾ മിക്കവരും താമസിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ മുന്നറിയിപ്പ് ലഭിക്കുമ്പോൾ ബങ്കറിലേക്കോടി രക്ഷതേടണം. അതോടെ, പകലും രാത്രിയും ഏറെ നേരവും പൊടിപടലങ്ങൾ നിറഞ്ഞ ബങ്കറിലായിരുന്നു വിദ്യാർത്ഥികൾ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ 28ന് നാട്ടിലേക്കു മടങ്ങിപ്പോകാൻ തയ്യാറെടുക്കാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ഹംഗേറിയൻ അതിർത്തിയിലെ ചോപ് റെയിൽവേ സ്റ്റേഷനിലെത്തിയത്. കൂടുതൽ സമയം എടുത്തതിനാൽ കയ്യിൽ കരുതിയ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും തീർന്നതോടെ പട്ടിണിയിലായി. പിന്നീടു ചോപ്പിലെത്തി ട്രെയിൻ ഇറങ്ങിയപ്പോഴാണ് ആഹാരം കഴിച്ചത്.
അവിടെ നിന്ന് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലെത്താൻ ഒരു ദിവസം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലെത്തിയത്.