fire
മാന്നാർ പരുമലക്കടവിൽ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടായ അഗ്നിബാധ

മാന്നാർ: മാന്നാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തമുണ്ടായി. സാധന സാമഗ്രികളും പണവും അടക്കം ഒരു കോടി രൂപയോളം നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു. മാന്നാർ പരുമലക്കടവിൽ ട്രാഫിക് സിഗ്നലിനു സമീപം പ്രവർത്തിക്കുന്ന കടകളിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഗൃഹോപകരണങ്ങൾ, തുണി,പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവ വിറ്റിരുന്ന ദില്ലി ബസാർ, ചലചരക്ക് വ്യാപാരം നടത്തിവന്നിരുന്ന എം.എസ് പ്രൊവിഷൻ സ്റ്റോഴ്സ്, എന്നീ വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഇവയോട് ചേർന്നുള്ള പെട്ടിക്കട ഭാഗികമായും അഗ്നിക്കിരയായി. ദില്ലി ബസാറിന്റെ ഗോഡൗണും കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പലചരക്ക് കടയുടമ തമിഴ്‌നാട് സ്വദേശി ഷരീഫ് കടതുറന്നയുടനെയാണ് കെട്ടിടത്തിന്റെ പുറകുവശത്ത് തീകത്തുന്നത് കണ്ടത്. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തീ ആളിപ്പടർന്നു. അതിവേഗം കട പൂർണമായും അഗ്നിക്കിരയായതായി ഷരീഫ് പറഞ്ഞു. തീ പടരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് സമീപത്തെ കടകളിലെ സാധനങ്ങൾ നാട്ടുകാരും പൊലീസും ചേർന്ന് നീക്കം ചെയ്തു. ദില്ലിബസാറിലെയും പലചരക്ക്കടയിലെയും സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.

80 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചതായി ദില്ലി ബസാർ ഉടമ ഓച്ചിറ സ്വദേശി സിയാദ് പറഞ്ഞു. തീയുടെ ചൂട് കാരണം ഗോഡൗണിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കടകൾക്കും കേടുപാടുകൾ സംഭവിച്ചു. നവകേരളം പ്രസിലെയും ഡി.ടി.പി സെന്ററിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തന രഹിതമായി.

ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര, ആലപ്പുഴ, പത്തനംതിട്ട, ഹരിപ്പാട്, തകഴി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയുടെ പതിനൊന്നു യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.