bud

പത്തനംതിട്ട : ധനമന്ത്രി കെ.എൻ.ബാലഗോപാൽ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് വലിയ പ്രതീക്ഷ. പുതിയ പദ്ധതികൾക്കൊപ്പം നടപ്പാക്കൽ ഘട്ടത്തിലുള്ളതിന് കൂടുതൽ തുക അനുവദിക്കുമെന്നും പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയവയ്ക്ക് ജീവൻ വയ്ക്കുമെന്നും പ്രതീക്ഷിക്കുകയാണ്.

കൃഷി

റബർ വിലയിടിവിന് പരിഹാരമായി ആശ്വാസ നടപ‌ടികൾ പ്രതീക്ഷിക്കുന്നു. കൂടുതൽ ആളുകൾ നെൽകൃഷി നടത്തുന്നതിനാൽ സബ്സിഡികൾ വേണമെന്നതാണ് കർഷകരുടെ ആവശ്യം. അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നെൽകർഷകർ ആശ്വാസ പാക്കേജുകൾ കാത്തിരിക്കുന്നു. കൃഷി നശിപ്പിക്കുന്ന വന്യജീവികൾ കാരണം കർഷകർ ദുരിതം അനുഭവിക്കുന്നു.

ആരോഗ്യം

കോന്നി മെഡിക്കൽ കോളേജ് വികസനത്തിന് കൂടുതൽ തുക. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മാസ്റ്റർ പ്ളാൻ പദ്ധതിക്ക് തുകയും അംഗീകാരവും. അടൂർ ജനറൽ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം. തിരുവല്ല, റാന്നി താലൂക്ക് ആശുപത്രി വികസനം.

പാതിവഴിയിൽ മുടങ്ങിയത്

ജില്ലയിൽ പാതിവഴിയിൽ മുടങ്ങിയ പദ്ധതികൾ ചലിപ്പിക്കാൻ ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര - സംസ്ഥാന സംരംഭമായ പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പൈലിംഗിൽ മുടങ്ങിയിരിക്കുകയാണ്. ശബരി റെയിൽപ്പാത എരുമേലിയിൽ നിന്ന് പുനലൂർ വരെ നീട്ടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇതിനുള്ള സർവേ നടപടികൾക്ക് ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമോയെന്ന് അറിയണം. പത്തനംതിട്ട സുബലാ പാർക്ക് നവീകരണത്തിന് 2020ലെ ബഡ്ജറ്റിൽ 50ലക്ഷം വകയിരുത്തിയിരുന്നു. പദ്ധതി പൂർത്തിയാക്കാൻ കൂടുതൽ തുക ലഭിക്കുമെന്നാണ് പ്രതീക്ഷ. കോഴഞ്ചേരി സമാന്തര പാലം പണി പൂർത്തിയാകാതെ കിടക്കുന്നു. പാലത്തിന്റെ തൂണുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള കോൺക്രീറ്റ് പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

പ്രഖ്യാപനത്തിൽ ഒതുങ്ങിയത്

1. ശബരിമലയിൽ തിരുപ്പതി മാതൃകയിൽ ദർശന സൗകര്യം.

2. നിലയ്ക്കൽ, പമ്പ ഇടത്താവളങ്ങളുടെ ആധുനികവത്കരണം.

3. പത്തനംതിട്ട അബാൻ മേൽപ്പാലം.

4. റാന്നി റബർ പാർക്ക്.

5. ആറൻമുളയിൽ ചട്ടമ്പിസ്വാമി സ്മാരകം.

6. പത്തനംതിട്ട കോടതി സമുച്ചയം.

7. അടൂർ നഗരസഭ സ്റ്റേഡിയം.

8. പന്തളം ബൈപ്പാസ് നിർമ്മാണം.

9. തിരുവല്ലയിൽ ജില്ലാ വിദ്യാഭ്യാസ് ഒാഫീസ് നിർമ്മാണം.

10. തിരുവല്ല പുല്ലംപ്ളാവിൽ കടവ് പാലം