 
കോന്നി: കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിപ്പടമില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നതായി പരാതി. വിവിധഭാഗങ്ങളിൽ നിന്ന് കോന്നി ടൗണിലെത്തുന്ന പ്രായമായവരും, രോഗികളും ബസ് കാത്തുനിൽക്കുമ്പോൾ കാത്തിരുപ്പുകേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നു. മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തിരികെയും പോകുന്ന നിരവധി രോഗികളാണ് ബസ് സ്റ്റാൻഡിലെത്തുന്നത്. പഞ്ചായത്ത് ബസ് സ്റ്റാൻഡാണ് കെ.എസ്. ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്. മുൻപ് സ്വകാര്യ ബസ് സ്റ്റാൻഡായി പ്രവർത്തിച്ചിരുന്ന സ്ഥലം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷന് വേണ്ടി വിട്ടുനൽകുകയായിരുന്നു. ലയൺസ് ക്ലബ് പണികഴിപ്പിച്ചതാണ് ഇവിടുത്തെ കാത്തിരിപ്പുകേന്ദ്രം.മലയോരമേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടെയെത്തി ബസ് കാത്തുനിൽക്കുന്നത്. നാരായണപുരം ചന്തക്കു സമീപത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പണികൾ പൂർത്തിയായാൽ ഓപ്പറേറ്റിംഗ് സ്റ്റേഷൻ അവിടേക്ക് മാറ്റും. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുൻപിലാണ് സ്വകാര്യ ബസുകളും നിറുത്തി ആളുകളെ കയറ്റുന്നത്. ഇതുതുവഴിയാണ് ഇക്കോ ടൂറിസം, സെന്റർ, താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, സബ് ട്രഷറി, കെ.എസ്.ഇ.ബി ഓഫീസ്,സബ് രെജിസ്റ്റാർ ഓഫീസ് എന്നി സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകുന്നത്. ഇവിടെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇ ടോയ്‌ലെറ്റും പ്രവർത്തനക്ഷമമല്ലാതെ കാടുകയറി കിടക്കുകയാണ്.