1
തടിയൂർ ഇടയ്ക്കാട് മാർക്കറ്റിന് സമീപം നിർമ്മാണ പ്രവർത്തികൾക്കായി പഴയ ടാറിംഗ് ഇളക്കി മാറ്റിയ നിലയിൽ

മല്ലപ്പള്ളി: പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ നിർമ്മാണ ജോലികൾ ആരംഭിച്ച ചെട്ടിമുക്ക് - തടിയൂർ- വാളക്കുഴി - നാരകത്താനി റോഡിന്റെ നിർമ്മാണം പാതിവഴിയിൽ . 2021 മാണ്ട് മാർച്ച് മാസം 18ന് ആരംഭിച്ച നിർമ്മാണ പ്രവർത്തികളാണ് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും പൂർത്തീകരണം ഇഴയുന്നത്. 3.81.32000 രൂപ അടങ്കൽ തുകയുള്ള പ്രവർത്തിക്ക് 5654മീറ്റർ നീളവും 3.75 മീറ്റർ വീതിയുമാണ്. മൺപണികളും കട്ടിംഗ് ജോലിയും 4247.275 ക്യൂബിക്ക് മീറ്ററും ഫില്ലിംഗ് 2048.337 ക്യൂബിക്ക് മീറ്ററിലും പൂർത്തീകരണത്തിലുൾപ്പെടുന്നു. പണികൾ പൂർത്തിയാകുന്നതോടെ ചെട്ടിമുക്ക്,നാരകത്താനി വാളക്കുഴി പ്രദേശങ്ങളിൽ നിന്നും തടിയൂരിൽ എത്തുന്നതിനുള്ള എളുപ്പ മാർഗമാകും. പ്രവർത്തികളിലെ കാലതാമസമാണ് പ്രദേശവാസികളെയും യാത്രക്കാരെയും വലക്കുന്നത്. പ്രവർത്തികൾക്കായി പഴയ ടാറിംഗ് ഇളക്കി മാറ്റിയതിനാൽ ചെറുവാഹനങ്ങളുടെ യാത്രയും പൊടി ശല്യവും ദുരിതത്തിലാക്കുന്നു. റോഡിന്റെ നിർമ്മാണം അധികൃതർ അടിയന്തരമായി ഇടപെട്ട് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.