road
പത്തനംതിട്ട നഗരത്തിലെ ശാസ്താക്ഷേത്രം റോഡ്

പത്തനംതിട്ട: നഗര ഹൃദയത്തിൽ ശാപമോക്ഷം കിട്ടാതെ ശാസ്താക്ഷേത്രം റോഡ്. മഴ പെയ്താൽ മാലിന്യം നിറയും. വേനലിൽ ചെളിയുണങ്ങി പൊടിപറത്തിയും കുഴികളിൽ കയറിയിറങ്ങിയുമാണ് വാഹനയാത്ര. നഗരസഭ 10-ാം വാർഡിലെ റോഡ് ടാറിംഗ് ഇളകിയിട്ട് 10 വർഷത്തിലേറെയായി. അടുത്തിടെ പെയ്ത വേനൽ മഴയിൽ വശത്തെ ഒാട നിറയുകയും കക്കൂസ് മാലിന്യം ഉൾപ്പെടെ റോഡിലേക്കും ക്ഷേത്രത്തിന് സമീപത്തേക്കും ഒഴുകിപ്പരക്കുകയും ചെയ്തു. വ്യാപാരികളും മറ്റും മണിക്കൂറുകളോളം ദുർഗന്ധം സഹിച്ചു. ഒാട നന്നാക്കി റോഡ് ടാർ ചെയ്യണമെന്ന നഗരവാസികളുടെ ആവശ്യം നടപ്പായില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസുകൾ കഴുകുന്ന വെള്ളം ഒാടയിലേക്കാണ് ഒഴുകുന്നത്. ഒാടയിൽ പ്ളാസ്റ്റിക് കുപ്പികളും മാലിന്യവും നിറഞ്ഞ് തടസമുള്ളതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകുന്നത് റോഡിലേക്കാണ്. സമീപത്ത് തന്നെയാണ് ഡിപ്പോയിലെ പഴയ ടോയ്ലറ്റ്.ദേവസ്വം ബോർഡ് കമ്മിഷണർ ഒാഫീസ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഒാഫീസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിൽ റോഡിലെ കുഴിയിൽ ചെളിയും മാലിന്യവും നിറഞ്ഞിട്ടുണ്ട്. സമീപത്ത് തന്നെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.കെ.എസ്.ആർ.ടി.സി റോഡിനെയും ടി.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡിന് ഒരു കിലോമീറ്ററിൽ താഴെ നീളമേയുള്ളൂ. കുഴികൾ നികത്തിയും ഒാട നിർമ്മിച്ചും റോഡ് പുനർനിർമ്മിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

'' ശാസ്താക്ഷേത്രം റോഡ് അടിയന്തരമായി ഒാട വൃത്തിയാക്കി ടാർ ചെയ്യണം. ഇല്ലെങ്കിൽ മഴക്കാലത്ത് വലിയ ദുരിതം അനുഭവിക്കേണ്ടിവരും.

ഷിനു
(വ്യാപാരി)​

-നഗരസഭ 10-ാം വാർഡിലെ റോഡ്

-ടാറിംഗ് ഇളകിയിട്ട് 10 വർഷം