10-angadical-snv
അങ്ങാടിക്കൽ എസ്. എൻ. വി. ഹൈസ്‌കൂൾ അങ്കണത്തിലുള്ള ഗുരുമന്ദിരത്തിലെത്തിയ ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമിയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുന്നു

കൊടുമൺ : വിദ്യകൊണ്ടു സ്വതന്ത്രരാവുക എന്ന ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം ചിലർ വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നു തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സച്ചിദാനന്ദസ്വാമി പറഞ്ഞു. 70 വർഷം പിന്നിടുന്ന അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സന്ദർശിക്കുന്നതിനും സ്‌കൂളിന്റെ മുറ്റത്തുള്ള ശ്രീനാരായണ ഗുരുമന്ദിരത്തിലെ പുനഃപ്രതിഷ്ഠ സംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനും എത്തിയ അദ്ദേഹം അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യം എന്നാൽ അടിച്ചുപൊളിച്ചു ജീവിക്കുക എന്നതല്ല. ബസിന് കല്ലെറിയാനും ടയർ കുത്തിക്കീറാനും പഠിപ്പുമുടക്കാനുമൊക്കെയുള്ളതാണ് സ്വാതന്ത്ര്യം എന്ന് പുതിയ തലമുറ കരുതുന്നു. പാരതന്ത്ര്യം എന്നതിന്റെ വിപരീതമാണ് സ്വാതന്ത്ര്യം എന്ന് മഹാകവി കുമാരനാശാൻ പറഞ്ഞു. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയിൽ മനുഷ്യനു നടക്കാൻ അനുവാദമില്ലാതിരുന്ന കാലത്താണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. ആ ഭ്രാന്താലയത്തെ തീർത്ഥാലയമാക്കിത്തീർത്ത മഹാനാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു.
ശാഖായോഗം പ്രസിഡന്റ് രാഹുൽ. സി അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ മുൻ മാനേജർ സി. വി. ചന്ദ്രൻ, ശാഖായോഗം മുൻ സെക്രട്ടറി കെ. ജി. പുരുഷോത്തമൻ, പ്രിൻസിപ്പൽമാരായ എം. എൻ. പ്രകാശ്, രമാദേവി, ദയാരാജ്, വനിതാസംഘം പ്രസിഡന്റ് കെ. എൻ. രാജമ്മ, സെക്രട്ടറി വിനി ആനന്ദ്, വൈസ് പ്രസിഡന്റ് ശ്രീദേവി എന്നിവർ പങ്കെടുത്തു. സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ് സ്വാഗതവും ശാഖായോഗം സെക്രട്ടറി ബിനു. ആർ നന്ദിയും പറഞ്ഞു.