 
ശബരിമല:പൈങ്കുനി ഉത്രമഹോത്സവത്തിന് തുടക്കംകുറിച്ച് സന്നിധാനത്ത് കൊടിയേറിയ ശേഷം ആദ്യ പറസമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നടത്തി. കൊടിമരച്ചുവട്ടിൽ തൂശനിലയിൽ വച്ച പറയിലേക്ക് ആദ്യം മൂന്നുകൈ നെല്ല് ഇട്ടശേഷം പറനിറച്ചു. തുടർന്നും മൂന്നു കൈനെല്ല് പറയിലേക്ക് നിറച്ചു. ശാന്തി പറ തളിച്ച് പ്രസാദം നൽകി. ദേവസ്വം ബോർഡ് അംഗം മനോജ് ചരളേലും കൊടിമരച്ചുവട്ടിൽ പറസമർപ്പണം നടത്തി. തുടർന്ന് ഭക്തർ പറസമർപ്പിച്ചു. ഉത്സവദിനങ്ങളിൽ നടതുറന്നിരിക്കുന്ന സമയങ്ങളിൽ ഭക്തർക്ക് പറ സമർപ്പിക്കാം. ഒരു നെൽപ്പറയ്ക്ക് 200 രൂപയുടെ രസീതാണ് എടുക്കേണ്ടത്. ഇതിനുളള സൗകര്യവും ദേവസ്വം ബോർഡ് കൊടിമരത്തിന് സമീപം ഒരുക്കിയിട്ടുണ്ട്.