palam-
നിർമ്മാണം പുരോഗമിക്കുന്ന ചെത്തോങ്കര പാലം

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ചെത്തോങ്കര പാലം പൊളിച്ച് വീതികൂട്ടി നടക്കുന്ന പുതിയ പാലംനിർമ്മാണം അവസാന ഘട്ടത്തിലേക്ക്. വളവിലായിരുന്നു പഴയ പാലം . വിതിയില്ലാത്തതിനാൽ രണ്ടു വാഹനങ്ങൾ ഒരേ സമയം വശം കൊടുക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ മഴക്കാലത്ത് വലിയ തോട്ടിൽ നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നിരുന്നു. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും പെട്ടെന്നു വെള്ളം കയറുന്ന ഇവിടെ റോഡ് രണ്ടു മുതൽ അഞ്ചടി വരെ ഉയർത്തിയാണ് നിർമ്മിക്കുന്നത്. എരുമേലി,കോട്ടയം,വെച്ചൂച്ചിറ,ഇടമുറി തുടങ്ങിയ കിഴക്കൻ മേഖലകളിലേക്കുള്ള പ്രധാന റോഡിലെ പാലമാണ് പൊളിച്ച് പുതിയത് നിർമ്മിക്കുന്നത്.വശങ്ങൾ കെട്ടുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഗതാഗതം സുഗമമാകും. ഇപ്പോൾ വാഹനങ്ങൾ പോകുന്നതിനായി താത്കാലിക സമാന്തര റോഡും നിർമ്മിച്ചിട്ടുണ്ട്. വലിയ തോടിനു കുറുകെ വലിയ പൈപ്പുകൾ നിരത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ചെത്തോങ്കര മുതൽ എസ്.സി സ്കൂൾ പടിവരെയുള്ള നിർമ്മാണം പൂർത്തിയാകുന്നതോടെ കോന്നി പ്ലാച്ചേരി റീച്ചിലെ ടാറിങ് പൂർത്തിയാകും.