 
മല്ലപ്പള്ളി: മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്നലിനു സമീപം നടുറോഡിൽ സ്റ്റേജു കെട്ടിയുള്ള സമ്മേളനങ്ങൾ യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. തുടർച്ചയായി പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ലെന്നാണ് ആക്ഷേപം. കോട്ടയം - കോഴഞ്ചേരി റോഡിൽ വൺവേ ആരംഭിക്കുന്ന സ്ഥലത്താണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സംഘടനകളും തങ്ങളുടെ പൊതു സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. മിക്ക ദിവസങ്ങളിലും ഏതെങ്കിലും ഒരു സംഘടനയുടെ പരിപാടി ഇവിടെ നടക്കുന്നുണ്ട്. പരിപാടികൾക്ക് വളരെ മുമ്പു തന്നെ റോഡു കൈയേറി സ്റ്റേജും കെട്ടി ഇരിപ്പിടങ്ങളും തയാറാക്കി ഇടുന്നതുമൂലം അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകൾക്ക് പോകാനായി ഒരുക്കിയിരിക്കുന്ന ഈ വഴിയിൽ യാത്ര തടസം സൃഷ്ടിക്കുന്നു. ഇതു പരിഗണിച്ചു മുൻപ് ടാക്സി വാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യുന്നത് വിലക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. വിധി പ്രകാരമുള്ള സൂചനാ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തിയാണ് ഇവിടെ നിരന്തരം പൊതുപരിപാടികൾ അരങ്ങേറുന്നത്. ഇതുകാരണം ഇവിടെയുള്ള വ്യാപാരികളും പ്രതിസന്ധിയിലാണ്.
നടപടിവേണമെന്ന് വ്യാപാരികൾ
മല്ലപ്പള്ളി ടൗണിൽ തന്നെ പൊതുപരിപാടികൾ നടത്താൻ സൗകര്യമുള്ള ഇടങ്ങൾ വേറെ ഉണ്ടെങ്കിലും ഇവിടെ തന്നെ പൊതുപരിപാടികൾ നടത്തണമെന്ന് നിർബന്ധം പിടിക്കുന്നത് പൊതു ജനങ്ങളോടും കോടതിയോടുമുള്ള വെല്ലുവിളിയാണ്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് റോഡുകൈയേറിയുള്ള ഇത്തരം സമ്മേളനങ്ങൾക്കും പൊതുപരിപടികൾക്കും തടയിടണമെന്ന് നാട്ടുകാരും മല്ലപ്പള്ളി വ്യാപാരികൾക്കു വേണ്ടി ഭാരതീയ വ്യാപാരി വ്യവസായി സംഘ് മല്ലപ്പള്ളി യൂണിറ്റും ആവശ്യപ്പെട്ടു.
.........................
സ്റ്റേജും കെട്ടി കസേരകളും നിരത്തിയിടുന്നതിനാൽ കടകളിലേക്ക് ആരും വരുന്നില്ല. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാടെ തകർന്നിരിക്കുന്ന തങ്ങൾക്ക് തുടർച്ചയായുള്ള ഇത്തരം സമ്മേളനങ്ങൾ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്.
(വ്യാപാരികൾ)