ശബരിമല: ഉത്സവകൊടിയേറ്റു ദിനമായ ഇന്നലെ സന്നിധാനത്ത് ഭക്തരുടെ എണ്ണം ദേവസ്വം ബോർഡ് പ്രതീക്ഷിച്ചതിലും കുറവായി. വെർച്വൽ ക്യൂവഴി ഓൺലൈനായി ഒരു ദിവസം 15000പേർക്കാണ് ബുക്കിംഗ് സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ ഇതിന് ശ്രമിച്ച പലർക്കും ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയാതിരുന്നതാണ് തിരക്ക് കുറയാൻ കാരണം. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം പൊലീസാണ് നിർവഹിക്കുന്നത്. പല മാസങ്ങളിലും ഈ സംവിധാനം കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.

കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ അയവുവരുത്തുകയും ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയിലെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് അഡ്വ. കെ. അനന്തഗോപൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.