 
തിരുവല്ല: വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ തെരുവ് വിളക്കുകളിലെ രണ്ട് ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. തിരുവനന്തപുരം അണ്ടൂർക്കോണം കണിയാപുരം കുന്നിലകം കിഴക്കുംപുറത്ത് വീട്ടിൽ സനൽകുമാർ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സ്‌കൂട്ടറിലെത്തിയ പ്രതികൾ, എം.സി.റോഡിലെ പ്ലാംചുവട് ജംഗ്‌ഷനിൽ കെ.എസ്.ടി.പി സ്ഥാപിച്ച തെരുവ് വിളക്കിലെ ബാറ്ററികൾ മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നു. തിരുവഞ്ചിയിൽ ശർമ്മിള സുനിലിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും സനൽകുമാറിനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിനെ തുടർന്ന് കുറ്റസമ്മതം നടത്തിയ പ്രതി മോഷ്ടിച്ചു കടത്തിയ ബാറ്ററികൾ റെയിൽവേ സ്റ്റേഷന് സമീപത്ത് സൂക്ഷിച്ചിരിക്കുകയാണെന്ന് മൊഴി നൽകി. ഇതേതുടർന്ന് എസ്.ഐ നിത്യാ സത്യന്റെ നേതൃത്വത്തിൽ ഇവിടെനിന്നും ബാറ്ററികൾ കണ്ടെടുത്തു. എ.എസ്.ഐ.രവി ചന്ദ്രനും ചേർന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികളെയും ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.