
ചെങ്ങന്നൂർ: ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളുന്ന ഏറ്റുമാനൂരപ്പന് ആദ്യവലിയകാണിക്ക അർപ്പിക്കാൻ ചെങ്ങന്നൂർ പൊന്നുരുട്ടമഠത്തിൽ നിന്നു അനന്തരാവകാശി ഇക്കുറിയും പോകും. 17 തവണയായി തുടർച്ചയായി നിയോഗം ലഭിച്ചിരുന്ന കൃഷ്ണൻ പണ്ടാരത്തിലിന്റെ മകൻ ശ്രീജോയ് കൃഷ്ണർ ആണ് ഇത്തവണ പോകുന്നത്. ഇന്ന് അർദ്ധരാത്രിയാണ് ചടങ്ങ്. ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനത്തിൽ തങ്കക്കുടത്തിൽ ആദ്യവലിയകാണിക്ക അർപ്പിക്കാൻ അവകാശം ചെങ്ങന്നൂർ പൊന്നുരുട്ടമഠം കാരണവർക്കാണ്. പാരമ്പര്യാവകാശം നിർവഹിക്കാൻ കാരണവരായ കൃഷ്ണൻ പണ്ടാരത്തിലിന് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം സാധിക്കാത്തതിനാൽ കഴിഞ്ഞ വർഷവും മകൻ ശ്രീജോയ് കൃഷ്ണരാണ് പോയത്. പൊന്നുരുട്ടമഠത്തിലും ഏറ്റുമാനൂരപ്പന്റെ പ്രതിഷ്ഠയുണ്ട്. ഏറ്റുമാനൂർ ക്ഷേത്ര ശ്രീകോവിലിന്റെ താക്കോൽ കൈവശാവകാശിയും പൊന്നുരുട്ടമഠം കാരണവരാണ്. പുതിയ മേൽശാന്തിയെ അവരോധിക്കുമ്പോൾ താക്കോൽ നൽകുന്നതും ഇവരാണ്.