 
തിരുവല്ല: കോൺകോഡ് കടവ് പാലം നിർമ്മാണത്തിന് നടപടികൾ തുടങ്ങി. മണിമലയാറിന് കുറുകെ പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പെരിങ്ങര പഞ്ചായത്തിലെ അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ആരംഭിച്ചത്. അപ്പ്രോച്ച് റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി മരങ്ങൾ മുറിച്ചുനീക്കി അതിരുകൾ സ്ഥാപിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് പാലത്തിന് അനുവദിച്ചിട്ടുള്ളത്. മാത്യു ടി.തോമസ് എം.എൽ.എയുടെ ശ്രമഫലമായി 2007 മുതൽ പാലം നിർമ്മാണത്തിനായി ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റിൽ ടോക്കൺ തുക വകയിരുത്തിയിരുന്നു. പിന്നീട് കൂടുതൽ തുക വകയിരുത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളും സ്ഥലം ഏറ്റെടുക്കലും ഉൾപ്പെടെയുള്ള തടസങ്ങൾ കാരണം പാലം നിർമ്മാണം വൈകുകയായിരുന്നു. പെരിങ്ങര, മുട്ടാർ ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ പാലം നിർമ്മാണത്തിനായി നിരന്തരം പ്രവർത്തിച്ചു. കിഫ്ബിയിൽ ഈ പദ്ധതി ഉൾപ്പെടുത്താനായി സി.പി.എം ഏരിയാകമ്മിറ്റിഅംഗം പ്രമോദ് ഇളമൺ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, മുൻധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്ക് നിവേദനം നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയതോടെ പാലം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പെരിങ്ങരയിൽ സ്ഥലം ഏറ്റെടുക്കലിന് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, വാർഡ് മെമ്പർ ഏബ്രഹാം തോമസ്, പൊതുമരാമത്ത് എ.എക്സി.എൻജിനീയർ രാജാറാം, അസി.എൻജിനീയർ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.