10-k-rail-fr-varghese
കെ-റെയിൽ അടയാള കല്ല് സ്ഥാപിക്കുന്നതിനെ എതിൽ ഫാ. മാത്യു വർഗീസിനെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുന്നു.

ചെങ്ങന്നൂർ: കെ- റെയിൽ സിൽവർ ലൈൻ പദ്ധതി സർവേയുടെ ഭാഗമായി മുളക്കുഴയിൽ ബുധനാഴ്ച 24 കല്ലിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ പൊലീസ് സഹായത്താൽ നടപടികൾ പൂർത്തിയാക്കി. നാലു ദിവസങ്ങളിലായി നിലവിൽ 59 കല്ലുകളാണ് സ്ഥാപിച്ചത്. കെറെയിലിന്റെ ചെങ്ങന്നൂരിലെ സ്റ്റേഷൻ വരുന്ന പിരളശ്ശേരി ഉൾപ്പെടുന്ന മുളക്കുഴ വില്ലേജിലാണ് കല്ലിടൽ നടത്തിയത്. മുളക്കുഴ തെക്ക് പൂപ്പൻകര മോടി, തച്ചിലേത്ത് മേഖലകളിലാണ് ബുധനാഴ്ച കല്ലിട്ടത്. അവസാനഘട്ടത്തിലെ കല്ലിടീലിനിടെ വൈകുന്നേരം മുളക്കുഴ തെക്ക് തോട്ടിയാട്ട് ഫാ. മാത്യു വർഗീസിനെയും (29), മാതാവ് മേരി വർഗീസിനെയും (65) പൊലീസ് കൈയേറ്റം ചെയ്തതായി സമരക്കാർ ആരോപിച്ചു. ഫാ. മാത്യു വർഗീസിന്റെ പുരയിടത്തിൽ കല്ലിടുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കൈയേറ്റത്തിലേക്കു നീങ്ങിയത്. വീട് നഷ്ടമാകുന്ന കാഴ്ച കണ്ടു ചെറുത്തപ്പോൾ പൊലീസ് ശക്തമായി പിടിച്ചുവലിച്ചു കൈയേറ്റം ചെയ്‌തെന്നും, ഇതിനിടെ അമ്മ കുഴഞ്ഞു നിലത്തു വീണതായും ഫാ. മാത്യു പറഞ്ഞു. ട്രിച്ചി സെയ്ന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരിയാണ്. സഭാ നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

വൈദികനെ പൊലീസ് മർദ്ദിച്ചതിൽ ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ പ്രതിഷേധിച്ചു. സാധാരണക്കാരെ കുടിയിറക്കിയല്ല വികസനം നടപ്പാക്കേണ്ടതെന്ന് ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ പറഞ്ഞു. ഫാ. വൈ.തോമസ്, ഫാ. സുനിൽ ജോസഫ്, ഫാ. ജാൾസൺ പി.ജോർജ്, ഫാ. ഒബിൻ ജോസഫ്, ഫാ. സോനു സോളമൻ എന്നിവർ ഫാ. മാത്യു വർഗീസിനെ സന്ദർശിച്ചു.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഒരു കാരണവശാലും അന്തിമ അനുമതി നൽകില്ലെന്നു റെയിൽവേ ബോർഡ് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ചെയർമാൻ വി.കെ. ത്രിപാഠിയുമായി എം.പി. റെയിൽവേയുടെ ആസ്ഥാനമായ റെയിൽഭവനിൽ കൂടിക്കാഴ്ചയിൽ നടത്തിയിരുന്നു.