ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം കോടുകുളഞ്ഞി കരോട് 1556-ാം നമ്പർ ശാാഖായോഗം ശ്രീനാരായണ ദിവ്യജ്യോതിർമയി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ബാലഭദ്രാദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം 13ന് രാവിലെ 7 നും 8.20നും മദ്ധ്യേയുളള ശുഭ മുഹൂർത്തത്തിൽ സുജിത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അഷ്ഠബന്ധ സ്ഥാപനം, കുംഭശനിദ്രാ കലശാഭിഷേകം, ജീവ ആവാഹനം, സ്ഥൂലാവാഹനം, സ്തോത്രാവഹനം, ബ്രഹ്മകലശത്തോടുകൂടി ഉച്ചപൂജ, മഹാനിവേദ്യം, മംഗളാരതി, പഠിത്തര വ്യവസ്ഥ, ആചാര്യ ദക്ഷിണ എന്നിവ നടക്കും.
തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവീക്ഷേത്ര സമർപ്പണവും നടപ്പന്തൽ സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണം നടത്തും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ. പി വർഗീസ്, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ, ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം മഞ്ജുളാദേവി, വാർഡ് അംഗം അജിതാമോഹൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ മോഹനൻ കൊഴുവല്ലൂർ, ബി. ജയപ്രകാശ് തൊട്ടാവാടി, എം.പി സുരേഷ് വല്ലന, ദേവരാജൻ .എസ്, കെ.ആർ മോഹനൻ എന്നിവർ സംസാരിക്കും. ശാഖാ വൈസ് പ്രസിഡന്റ് രമണി കാർത്തികേയൻ മന്ത്രി സജി ചെറിയാന് ഉപഹാര സമർപ്പണം നടത്തും. ശാഖാ പ്രസിഡന്റ് വി.എസ് സജി സ്വാഗതവും സെക്രട്ടറി എസ്.ആർ ദേവദാസ് നന്ദിയും പറയും. ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് സേവ എന്നിവ നടക്കും.
പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിൽ താഴികക്കുട പ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ, മുളപൂജ, വിശേഷാൽ പൂജ. ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5.30ന് ഗുരുപൂജ, ബിംബശുദ്ധി കലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ, മുളപൂജ . തുടർന്ന് താഴികക്കുട പ്രതിഷ്ഠ നടക്കും. വൈകിട്ട് 7.30 മുതൽ ഭജൻസ് . പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ നാളെ ഉച്ചയ്ക്ക് 11ന് ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി പ്രഭാഷണം നടത്തും.