job

പത്തനംതിട്ട : ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പാസായ ഉദ്യോഗാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് വി. എച്ച്. എസ്. ഇ വിഭാഗം കരിയർ ഗൈഡൻസ് സെല്ലിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും നേതൃത്വത്തിൽ കുമ്പഴ എം.പി.വി.എച്ച്.എസ്.എസിൽ നാളെ രാവിലെ 10 മുതൽ 3 വരെ തൊഴിൽമേള സംഘടിപ്പിക്കുന്നു. മേളയിൽ മിൽമ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, വി ഗാർഡ് , എൽ.ഐ.സി, ആരോഗ്യം, എൻജിനീയറിംഗ് ട്രാവൽ ആൻഡ് ടൂറിസം, ഓട്ടോ മൊബൈൽ , കൊമേഴ്‌സ് മേഖലയിലെ 40 ൽ പരം കമ്പനികൾ പങ്കെടുക്കും. രാവിലെ 10ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 11ന് പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്ന പാഠ്യപദ്ധതിയായ എൻ.എസ്. ക്യു.എഫിനെ സംബന്ധിച്ചും തുടർ പഠനസാദ്ധ്യതകളെ സംബന്ധിച്ചും കരിയർ സെമിനാറും നടത്തും. കരിയർ വിദഗ്ധൻ രതീഷ് കുമാർ ക്ലാസ് നയിക്കും. വാർത്താസമ്മേളനത്തിൽ കുമ്പഴ എം.പി.വി.എച്ച്.എസ് പ്രിൻസിപ്പൽ ദീപു ഉമ്മൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബി.എസ്. ഉണ്ണികൃഷ്ണൻ, എ.കെ.സജീവ്, പി.എസ്.സ്‌നേഹരാജ് എന്നിവർ പങ്കെടുത്തു.