 
പത്തനംതിട്ട : കണ്ണങ്കരയിലെ ജില്ലാ ഫയർഫോഴ്സ് ഓഫീസിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി. ഇത് കാരണം ഫയർഫോഴ്സ് ഓഫീസർമാർക്ക് അടിയന്തര കോളുകളിൽ വാഹനമിറക്കാൻ നന്നേ ബുദ്ധിമുട്ടാണ്. റോഡിന് വീതിയില്ലാത്തതിനാൽ രണ്ട് ഉദ്യോഗസ്ഥർ റോഡിലിറങ്ങി നിന്ന് മറ്റ് വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ അത് നിറുത്തിക്കുകയോ വേഗത്തിൽ കടത്തിവിടുകയോ ചെയ്തിട്ടാണ് ഫയർഫോഴ്സിന്റെ വാഹനം എടുക്കുന്നത്. ഈ റോഡിന്റെ ഇരുവശങ്ങളും തകർന്ന നിലയിലാണ്. മൂന്ന് മീറ്റർ വീതിയേ ഉള്ളു ഈ റോഡിന്. ഫയർഫോഴ്സ് ഓഫീസിന്റെ മുകൾവശം ഉയർന്ന പ്രദേശമായ ചുട്ടിപ്പാറയാണ്. മഴ പെയ്യുമ്പോൾ മലയിൽ നിന്ന് വരുന്ന വെള്ളം മുഴുവൻ വീതിയില്ലാത്ത ചെറിയ റോഡിന്റെ ഓടയിൽ കൂടിയാണ് ഒഴുകുന്നത്. ഓടയ്ക്ക് അധികം വെള്ളം താങ്ങാനാവാത്തതിനാൽ ആ വെള്ളം റോഡിലേക്ക് കയറും. റോഡ് മുഴുവൻ വെള്ളമാകും. വെള്ളത്തിന്റെ ശക്തിയിൽ റോഡിൽ വലിയ കുഴിയും രൂപപ്പെടും. ഈ ഭാഗത്തെ ഓടകളും തകർന്ന നിലയിലാണ്. ഫയർഫോഴ്സ് ഓഫീസർമാർ മുമ്പ് അധികൃതരോട് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നഗരസഭയുടെ അധീനതയിലുള്ള റോഡാണിത്. ടൂറിസ്റ്റ് കേന്ദ്രമായ ചുട്ടിപ്പാറയിലേക്കുള്ള റോഡ് കുത്തനെ ഉയർന്നതിനാൽ ടൂറിസ്റ്റുകൾക്ക് ഇതുവഴി ചുട്ടിപ്പാറയിലേക്ക് കയറാൻ കഴിയില്ല. അതിനാൽ ഈ റോഡ് നിരപ്പാക്കി ആളുകൾക്ക് നടക്കാൻ കഴിയുന്ന രീതിയിലാക്കാൻ പദ്ധതി തയാറാക്കുന്നുണ്ട്. ഇതോടൊപ്പം ഈ റോഡും നവീകരിക്കുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
3മീറ്റർ വിതി
" 2022-2023 പ്ലാൻ ഫണ്ടിലേക്ക് ഈ റോഡ് മാറ്റിയിട്ടുണ്ട്. ഫയർ ഫോഴ്സ് ഓഫീസിനടുത്തുള്ള കുത്തനെയുള്ള കയറ്റം ഒഴിവാക്കി റോഡ് കുറച്ച് കൂടി പണി നടത്തും. പുതിയ ഒരു റോഡ് ഇവിടെ പണിയാനുള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. "
നഗരസഭാ അധികൃതർ