kattupanni

പത്തനംതിട്ട : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടി സമർപ്പിച്ച ഹോട്ട് സ്‌പോട്ട് പട്ടികയിൽ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹോട്ട് സ്പോട്ട് പട്ടികയിൽ പരിമിതമായ വില്ലേജുകൾ മാത്രമാണുള്ളത്. കാട്ടുപന്നി ശല്യം രൂക്ഷമായ പല വില്ലേജുകളും പട്ടികയിൽ വന്നിട്ടില്ലെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകും. ജില്ലയിലെ 27 വില്ലേജുകളാണ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ളത്.

വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്ന കർഷകർക്കുള്ള കുടിശിക ഉൾപ്പെടെ നഷ്ടപരിഹാരത്തുക ഏപ്രിൽ അവസാനത്തോടെ വിതരണം ചെയ്യുമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

വന്യജീവികൾ കൃഷി നശിപ്പിച്ചാൽ കർഷകരെ മാത്രമല്ല, ഭക്ഷ്യസുരക്ഷയെയും ബാധിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. പലയിടത്തും കർഷകർ കൃഷി അവസാനിപ്പിച്ചിട്ടുണ്ട്. അദ്ധ്വാനമെല്ലാം പാഴാകുന്ന സ്ഥിതി കർഷകർക്ക് വേദനാജനകമാണ്.

നിലവിലെ ഹോട്ട്സ്പോട്ട് വില്ലേജുകൾ

കോന്നി താഴം, മലയാലപ്പുഴ, കോന്നി, പത്തനംതിട്ട, മൈലപ്ര, കൊടുമൺ, വള്ളിക്കോട്, വി കോട്ടയം, അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, ഏനാദിമംഗലം, ഏഴംകുളം, ഏനാത്ത്, അടൂർ, പള്ളിക്കൽ, പെരിങ്ങനാട്, ഏറത്ത്, തുമ്പമൺ, പന്തളംതെക്കേക്കര, വടശേരിക്കര, പെരുനാട്, റാന്നി, എഴുമറ്റൂർ, തെള്ളിയൂർ, മല്ലപ്പുഴശേരി.

7000 പട്ടയങ്ങൾ നൽകും

ജില്ലയിലെ പട്ടയങ്ങളുടെ സങ്കീർണതകൾ പരിഹരിച്ച് എത്രയും വേഗം നൽകുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് യോഗത്തിൽ പറഞ്ഞു. വനഭൂമി പട്ടയമാണ് ജില്ലയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. വനമേഖലയിൽ 7000 പട്ടയങ്ങൾ നൽകുവാനുണ്ട്. റാന്നി, കോന്നി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പട്ടയം ലഭിക്കാനുള്ളത്.

വനംവകുപ്പ് കടുംപിടുത്തം അവസാനിപ്പിക്കണം

വനത്തിലൂടെയുള്ള റോഡുകളുടെ നിർമ്മാണത്തിന് അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. കടുംപിടുത്തം വനംവകുപ്പ് അവസാനിപ്പിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വനത്തിനോട് ചേർന്നു കിടക്കുന്ന ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് ഫോറസ്റ്റ് ഓഫീസിന്റെ എൻ.ഒ.സി ആവശ്യമുണ്ട്. അവയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, എ.ഡി.എം അലക്‌സ് പി. തോമസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.