toilet-waste
ചെറിയനാട് തുരുത്തിമേൽ കല്ലുമ്പാട്ടു പുഞ്ചയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

ചെങ്ങന്നൂർ: ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. രാത്രിയിൽ ടാങ്കർ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം സൗകര്യപ്രദമായ തുറസായ പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടുകയാണ് . പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും തണ്ണീർത്തടങ്ങളിലേക്കും നീർച്ചാലുകളിലേക്കും ഒഴുക്കിവിട്ടശേഷം വളരെ വേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടുകയാണ് സംഘം. ഇങ്ങനെ തള്ളുന്ന മാലിന്യം ശുദ്ധജലസ്രോതസുകളിലേക്ക് എത്തുന്നത് ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.

കഴിഞ്ഞ ദിവസം ചെറിയനാട് തുരുത്തിമേൽ കല്ലുമ്പാട്ടു പുഞ്ചയിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

ശ്രീനാരായണ കോളേജ്, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ, ഗ്രാമ പഞ്ചായത്ത്‌, കൃഷി വികസന ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പോകുന്നവർ ഈ പുഞ്ചയിൽ കൂടിയുള്ള പുളിഞ്ചുവട് ആലാ റോഡാണ് ഉപയോഗിക്കുന്നത്. ദുർഗന്ധം മൂലം ഇതുവഴി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥ യാണ്. ക്ഷീരകർഷകർ ഈ പുഞ്ചയിൽ നിന്നാണ് പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നത്.

ഒരുമാസം മുൻപ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിലേത്തു ഭാഗത്ത്‌ കക്കൂസ് മാലിന്യം തള്ളിയിരുന്നു. തുടർന്ന് ദിവസങ്ങളോളം നാട്ടുകാർ രാത്രിയിൽ കാവലിരുന്നെങ്കിലും ഇവരെ പിടികൂടുവാൻ കഴിഞ്ഞില്ല. നാട്ടുകാരുടെ ശ്രദ്ധമാറിയതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപം ആരംഭിച്ചത്. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പൊലീസ് നിരീക്ഷണം ശക്തമാക്കണം

ലോക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം പൊലീസിന്റെ നിരീക്ഷണം ഈ ഭാഗം കേന്ദ്രീകരിച്ച് നടത്താത്തതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം. പാടശേഖരത്തിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി തകർത്തശേഷമാണ് പാടത്തേക്ക് ഇത്തരം മാലിന്യം ഒഴുക്കിവിടുന്നത്. പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാതായതോടെ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഈ ഭാഗം കേന്ദ്രീകരിച്ച് രൂക്ഷമാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീകലേഷ് പറഞ്ഞു