 
തെങ്ങമം: ശ്രമദാനമായി തങ്ങൾ വൃത്തിയാക്കിയ കനാലിലൂടെ വെള്ളമെത്തുന്നത് കാത്തിരിക്കാൻ നാട്ടുകാർ തുടങ്ങിയിട്ട് നാളുകളായി. കുടിവെള്ളക്ഷാമം രൂക്ഷമായ പള്ളിക്കൽ പഞ്ചായത്തിലെ തോട്ടുവാ, ചെറുകുന്നം,കൈതക്കൽ പ്രദേശങ്ങളിലുള്ളവരാണ് കനാൽജലത്തിനായി കാത്തിരിക്കുന്നത്. ഉയർന്ന പ്രദേശമാണ് ഇവിടം. കെ.ഐ പി ചാരുംമൂട് സബ് ഡിവിഷന്റെ പരിധിയിലുള്ള സബ് കനാലാണ് കടന്നുപോകുന്നത്. വെള്ളച്ചിരെ അക്വഡേറ്ററിൽ വെള്ളമെത്തിച്ചതിനു ശേഷമാണ് സബ് കനാലിലേക്ക് വെള്ളമെത്തുന്നത്. നാശോന്മുഖമായി കിടന്ന കനാലുകൾ നാട്ടുകാർതന്നെയാണ് വൃത്തിയാക്കിയത്. ഈ പ്രദേശത്തിന്റെ ചുമതലയുള്ള കെ.ഐ .പി അസി. എക്സിക്യുട്ടീവ് എൻജിനീയർ , അസി.എൻജിനീയർ എന്നിവരെ ജനപ്രതിനിധികൾ നിരന്തരം ബന്ധപ്പെട്ടപ്പോൾ ഒരു തവണ വെള്ളം തുറന്നുവിട്ടു. രാവിലെ തുറന്നുവിട്ട ശേഷം വൈകിട്ട് അടയ്ക്കുകയും ചെയ്തു. അതിനാൽ വെള്ളം എല്ലായിടത്തും ഒഴുകിയെത്തിയില്ല. ഒരാഴ്ചയെങ്കിലും വെള്ളം കനാലിൽ നിന്നെങ്കിലേ മണ്ണിൽ വെള്ളംതാഴു. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെയും വെള്ളം തുറന്നുവിട്ടില്ല. പള്ളിക്കൽ പഞ്ചായത്തിലെ തോട്ടുവാ , ചെറു കുന്നം,കൈതക്കൽ ,വാർഡുകൾ മാത്രമാണ് ചാരുംമൂട് സബ്ഡിവിഷന്റെ പരിധിയിലുള്ളത്.
" കെ.ഐ.പിക്ക് ഒരു രൂപയുടെ പോലും ബാദ്ധ്യതയില്ലാതെയാണ് കനാൽ നവീകരണം ജനങ്ങൾ നടത്തിയത്. വെള്ളം തുറന്നുവിടണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിഷേധാത്മക സമീപനമാണ്. ഇനി ശക്തമായ സമര പരിപാടിയിലേക്ക് നീങ്ങുകയാണ്."
രഞ്ജിനി കൃഷ്ണകുമാർ .
തോട്ടുവാ - 22 ാം വാർഡ് മെമ്പർ