saha
അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസാരിക്കുന്നു.

പത്തനംതിട്ട: സഹകരണ മേഖലയുടെ ജില്ലയിലെ പ്രവർത്തനം മികച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല വെല്ലുവിളികൾ നേരിടുന്നുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെയാണ് സഹകരണ മേഖല മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. അംഗ സമാശ്വാസ നിധിയുടെ രണ്ടാം ഘട്ട ധനസഹായവിതരണം മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിർമ്മലാദേവി, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.ജി. പ്രമീള, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ എം.ജി. രാമദാസ്, വിവിധ സർക്കിൾ യൂണിയൻ ചെയർമാൻമാരായ പി.ബി. ഹർഷകുമാർ, പി.ആർ. പ്രസാദ്, ജെറി ഈശോ ഉമ്മൻ, ഡോ. ജേക്കബ് ജോർജ്, ഷാജി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അംഗസമാശ്വാസ പദ്ധതി പ്രകാരം സഹകരണസംഘം അംഗങ്ങളായ ഗുരുതര രോഗബാധിതർക്കും അപകടത്തിൽപ്പെട്ട് കിടപ്പു രോഗികളായവർക്കും മാതാപിതാക്കളുടെ മരണത്തെ തുടർന്ന് വായ്പകൾക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 27 സഹകരണ സംഘങ്ങളിലെ 640 അംഗങ്ങൾക്കായി 1,25,70,000 രൂപയാണ് അനുവദിച്ചത്. താലൂക്ക്, വിതരണം ചെയ്ത തുക എന്ന ക്രമത്തിൽ: അടൂർ - 51,80,000 രൂപ, കോന്നി - 5,90,000 രൂപ, തിരുവല്ല - 28,70000 രൂപ, റാന്നി - 3010000 രൂപ, മല്ലപ്പള്ളി - 9,20,000 രൂപ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ജില്ലയിലെ 62 സഹകരണ സംഘങ്ങളിലെ 1021 അംഗങ്ങൾക്ക് 2,08,90000 രൂപ വിതരണം ചെയ്തിരുന്നു.