accidents
തിരുവല്ല ബൈപ്പാസിൽ വിദഗ്ധസംഘം പരിശോധന നടത്തുന്നു

തിരുവല്ല: അപകടങ്ങൾ പതിവായ തിരുവല്ല ബൈപ്പാസിൽ മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തി. തിരുവല്ല - മല്ലപ്പള്ളി റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്താണ് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ കൂടുതലും. പൊലീസിന്റെ കണക്കനുസരിച്ച് 26 അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്ത് രണ്ടു റോഡുകളിലും വേഗത കുറയ്ക്കുവാനുള്ള സംവിധാനങ്ങളും മൂലക്കണ്ണാടിയും സ്ഥാപിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പരിശോധനയുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം അനന്തര നടപടികൾക്കായി കെ.എസ്.ടി.പിക്ക് നൽകുമെന്ന് സംഘം അറിയിച്ചു. വിദഗ്ദ്ധസംഘത്തിൽ സീനിയർ റോഡ് സേഫ്റ്റി സ്പെഷലിസ്റ്റ് കിഷൻ ഇക്ബാൽ, ഹെഡ് ഹൈവേസ് ആൻഡ് റോഡ് സേഫ്റ്റി ഓഡിറ്റർ ഇംതിയാസ് മാലിക്ക്, റോഡ് സേഫ്റ്റി എക്സ്പേർട്ട് ഗുലാം ജാവേദ് എന്നിവർ ഉണ്ടായിരുന്നു. തിരുവല്ല ബൈപ്പാസിലെ എല്ലാ ജംഗ്ഷനുകളിലും സംഘം പരിശോധന നടത്തി. വിദഗ്ദ്ധസംഘത്തോടൊപ്പം മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, തഹസിൽദാർ ജോൺ വർഗീസ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി.എക്സിക്യുട്ടീവ് എൻജിനീയർ മോളമ്മ തോമസ്, അസിസ്റ്റന്റ് എൻജിനീയർ ഫൈസൽ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ജോയിന്റ് ആർ.ടി.ഒ ഇൻചാർജ് ശിവകുമാർ എസ്.എൻ, എ.എം.വി.ഐ മാരായ അനൂപ് എൻ, സ്വാതി ദേവ്, ഷെമീർ, മനു, ട്രാഫിക് യൂണിറ്റ് സബ് ഇൻസ്പെക്ടർ സലീം എന്നിവരും ഉണ്ടായിരുന്നു.