 
കോന്നി : ഇക്കോ ടൂറിസം സെന്ററിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടക്കാരനായി മാറിയ കുട്ടിക്കൊമ്പന് മന്ത്രി എ.കെ.ശശീന്ദ്രൻ കൊച്ചയ്യപ്പനെന്ന് നാമകരണം നടത്തി. ഇന്നലെ ഇക്കോ ടൂറിസം സെന്ററിലെത്തിയാണ് മന്ത്രി നാമകരണം നടത്തിയത്. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, കൊല്ലം സി.സി.എഫ് സഞ്ജയ് കുമാർ, കോന്നി ഡി.എഫ്.ഒ. കെ.എൻ. ശ്യാംമോഹൻലാൽ, സുനിൽ മംഗലത്ത് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 2021 ഓഗസ്റ്റ് 19ന് റാന്നി വനംഡിവിഷനിലെ ഗ്രൂഡിക്കൽ റേഞ്ചിലെ കിള്ളിയെറിഞ്ഞാൻ കല്ല് ചെക്കുപോസ്റ്റിന് സമീപത്തെ ജനവാസമേഖലയിൽ നിന്നുമാണ് കുട്ടിക്കൊമ്പനെ ലഭിച്ചത്. കാട്ടാനക്കൂട്ടത്തോടൊപ്പം കാടുകയറ്റാനായി വനംവകുപ്പ് വേലുതോട് വനമേഖലയിൽ താത്കാലിക കൂടുണ്ടാക്കി പാർപ്പിച്ചിരുന്നു. രാത്രിയിൽ കാട്ടനക്കൂട്ടം കൂടിനു സമീപത്തെത്തിയെങ്കിലും കുട്ടിയാനയെ കൂട്ടാതെ മടങ്ങി. തുടർന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം താത്കാലിക കൂടുണ്ടാക്കി വനപാലകരുടെ കാവലിൽ അവിടെ പാർപ്പിച്ച ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം റാന്നി ഡി.എഫ്.ഒ കോന്നി ആനത്താവളത്തിലേക്ക് മാറ്റുകയായിരുന്നു.