 
ചെങ്ങന്നൂർ: പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരുവർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. സമ്മേളനവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയായിരിക്കുമെന്നും അതുവഴി അക്കാദമിക മികവിന്റെ മറ്റൊരു ശ്രേഷ്ടഘട്ടത്തിനു തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മഹാത്മാഗാന്ധി പ്രതിമയും തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ വിവേകാനന്ദപ്രതിമ അനാച്ഛാദനം ചെയ്തു. നടൻ അജു വർഗീസ് കലാക്ഷേത്ര ഉദ്ഘാടനം ചെയ്തു. ഫാ.അലക്‌സാണ്ടർ കൂടാരത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിനു മുന്നോടിയായി സാംസ്‌കാരികഘോഷയാത്ര നടത്തി. ചടങ്ങിൽ സ്‌കൂൾ മുൻ മാനേജർ, പ്രസിഡന്റുമാർ അടക്കമുള്ളവരെ ആദരിച്ചു. രാജൻ മൂലവീട്ടിൽ,പി.എസ്.മോഹൻകുമാർ, അഡ്വ.സി. ജയചന്ദ്രൻ, ജെബിൻ പി.വർഗീസ്, ആശാ വി.നായർ, വത്സല മോഹൻ, എൽസി കോശി, രശ്മി സുഭാഷ്, ടി.സി. സുരേന്ദ്രൻ നായർ, ജി.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും കലാമണ്ഡലം രേഖാ രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച നൃത്തവും നടത്തി.
പാണ്ടനാട്ടിൽ കേരളത്തിലെ ഏറ്റവും വലിയ വള്ളംകളി നടത്തും : സജി ചെറിയാൻ
ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം നട്ടായത്തിൽ അടുത്ത വർഷം മുതൽ കേരളത്തിലെ ഏറ്റവും വലിയ വള്ളംകളി നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യവുമായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.