 
കോട്ടമൺപാറ : സീതത്തോട് പഞ്ചായത്തിലെ ഒന്നും പതിമൂന്നും വാർഡുകളിൽ വെള്ളമെത്തിയ്ക്കാൻ പൈപ്പ് ലൈനില്ല. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളാണ് ഇത്. നിലയ്ക്കൽ മേജർ കുടിവെള്ളപദ്ധതിയുടെ പണി പൂർത്തീകരിച്ചെങ്കിൽ മാത്രമേ ഇവിടെ കുടിവെള്ളം എത്തുകയുള്ളൂ. പൈപ്പുലൈൻ പദ്ധതി പൂർത്തിയായാൽ ഉടൻ കോട്ടമൺപാറ, സീതത്തോട് ,ആങ്ങമുഴി പ്രദേശങ്ങളിൽ വെള്ളം എത്തുമെന്നാണ് അധികൃതർ പറയുന്നത്. കോട്ടമൺ പാറയിൽ 2000 ലിറ്റർ വെള്ളം കൊള്ളുന്ന ചെറിയ വാട്ടർ ടാങ്ക് ഉണ്ട്. ഇവിടെ നൂറോളം കുടുംബങ്ങൾക്ക് മാത്രമാണ് പ്രയോജനം ലഭിക്കുന്നത്. മറ്റുള്ളവർക്ക് ഇവിടെ നിന്നുള്ള വെള്ളം ലഭിക്കാറില്ല.
മലയോര മേഖലയായതിനാൽ പൊതുവേ ഉയർന്ന പ്രദേശമാണിത്. വനപ്രദേശമായ പതിമൂന്നാം വാർഡിലെ അടിയൻ കാലായിൽ വനത്തിലെ ഓലികളിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്നവരുണ്ട്. അമ്പതോളം വീട്ടുകാർ ഇങ്ങനെ കുടിവെള്ളം സംഭരിക്കുന്നു.
കാട് കയറി കുഴൽക്കിണറും പൈപ്പും
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കോട്ടമൺപാറയിലെ ജനങ്ങൾക്ക് അധികൃതർ കുഴൽക്കിണർ നിർമ്മിച്ച് നൽകിയിരുന്നു. പത്ത് വർഷത്തോളമായി കിണർ കുഴിച്ചിട്ട്. മൂന്ന് വർഷമായി കുഴൽക്കിണറും ഒപ്പം നിർമ്മിച്ച പൈപ്പ് ലൈനും ഇവിടെ കാടുകയറിയ നിലയിലാണ്. പൈപ്പ് കേടായപ്പോൾ അധികൃതരെ വിവരം അറിയിച്ചതാണ്. എന്നാൽ അത് പിന്നീട് നന്നാക്കിയില്ല. നശിച്ചുപോയ പൈപ്പിന് ചുറ്റും ഇപ്പോൾ കാട് വളരുന്നു.