1
പൂവനാൽ കടവ് - ചെറുകോൽപ്പുഴ റോഡിലെ കുടക്കല്ലുങ്കൽ പാലം

മല്ലപ്പള്ളി : പൂവനാൽക്കടവ്- ചെറുകോൽപ്പുഴ റോഡിലെ കൊടക്കല്ലുങ്കൽ പാലം അപകടാവസ്ഥയിൽ. പാലത്തിന്റെയും റോഡിന്റെയും അലയ്മെന്റിലെ വ്യത്യാസമാണ് അപകടത്തിന് കാരണമാകുന്നത്. എഴുമറ്റൂരിൽ നിന്നും വരുന്ന വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കണമെങ്കിൽ വലതു തിരിയണം. പാലത്തിലെ പ്രവേശനം കഴിയുന്ന മുറക്ക് ഇടതു തിരിഞ്ഞ് പ്രവേശന പാതയിൽ കടക്കണം. ആറ് വർഷത്തിന് ഇടയിൽ ഏഴ് മരണങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. ഇതിൽ ഏറിയപങ്കും ഇരുചക്ര വാഹന യാത്രക്കാരും. കൊറ്റനാട് എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 70 വർഷത്തിന് മുകളിൽ പഴക്കമുണ്ട്. ഇരുകരകളിലുമായി 18 അടി ഉയരത്തിൽ കരിങ്കൽ ഭിത്തിയിൽ നിർമ്മിച്ച പാലത്തിന്റെ അടിത്തട്ടിലെ കല്ലുകൾ ഇളകിയ നിലയിലാണ്. സമീപന പാതയുടെ സംരക്ഷണഭിത്തികൾ തകർച്ച സംഭവിച്ചിട്ടുള്ളതും കല്ലുകൾ ഇളകി തോട്ടിൽ പതിച്ച നിലയിലുമാണ്. റോഡിന്റെ വിവിധ പാതയോരങ്ങളിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും അപകട നിലയിലുള്ള പാലത്തിന് അറ്റക്കുറ്റപ്പണികൾ ചെയ്യുന്നതിനോ വീതി വർദ്ധിപ്പിക്കുന്നതിനോ, സംരക്ഷണ വേലികൾ ബലപ്പെടുത്തുന്നതിനോ നടപടി സ്ഥീകരിച്ചിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

.....................

നിരന്തരമായുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലും വീതി വർദ്ധിപ്പിക്കുകയും സംരക്ഷണഭിത്തികളും നിലവാരം ഉറപ്പു വരുത്തുന്നതിനുമുള്ള നടപടി ജനപ്രതിനിധികൾ മുൻകൈ എടുത്ത് നടപ്പിലാക്കണം

പ്രദീപ് എം.പി

പ്രദേശവാസി

കൊറ്റനാട് എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം

........................................

- അപകടത്തിൽ 7 മരണം

- പാലത്തിന് 70 വ‌ർഷം പഴക്കം

- കരിങ്കൽ ഭിത്തി അപകടത്തിൽ