12-kodiyettu-elanthoor

ഇലന്തൂർ : കത്തിക്കാളിയ ചൂട്ടുകറ്റകൾ ഇലന്തൂർ ഗ്രാമത്തിൽ വെളിച്ചം പരത്തിയപ്പോൾ കാലദോഷവും നാട്ടു ദോഷവും അകറ്റാനായി പടയണി കോലങ്ങൾ കുന്നിലമ്മയ്ക്ക് മുമ്പിൽ ഉറഞ്ഞു തുള്ളി. ഇന്നലെ മണ്ണുംഭാഗംകരയിൽ നിന്നുവന്ന ബന്ധുക്കര പടയണിയിൽ തപ്പുകാച്ചികൊട്ടിയതിന് ശേഷം ഭൈരവി അടന്തതാളത്തിൽ തുള്ളി ഒഴിഞ്ഞതോടെ ചെറുകോലങ്ങൾ വരവായി. ശിവസ്തുതികളുമായി ശിവകോലവും എരിയുന്ന ചൂട്ടുകറ്റയുമായി വന്ന പിശാച് കോലത്തിന് പിന്നാലെ മറുത, സുന്ദരയക്ഷി, പക്ഷി, കാലൻ, ഭൈരവി തുടങ്ങിയ കോലങ്ങൾ കളത്തിൽ തുള്ളി ഒഴിഞ്ഞു. രൗദ്രഭാവത്തിൽ കളത്തിൽ എത്തിയ കരിങ്കാളി വേറിട്ട അനുഭവമായി. ഇന്ന് തൻകര പടയണി നടക്കും. തൻകര പടയണിയിൽ കൂട്ട കോലങ്ങളെ കൂടാതെ യക്ഷികോലങ്ങളിൽ വളരെയേറെ പ്രാധാന്യമുള്ള മായ യക്ഷിയാണ് കളത്തിൽ എത്തുന്നത്. ലാസ്യ മോഹന ചുവടുകളുമായി കളത്തിൽ എത്തുന്ന മായ യക്ഷിയുടെ കിരീട സമാനമായ കോലം കഥകളി കോപ്പിന് സമാനമാണ്. കുരത്തോല പാവാടയും കാൽ ചിലമ്പും കൈതാമരയും പല്ലും എകിറുമായി കളത്തിൽ എത്തുന്ന മായയക്ഷി ഒരേസമയം നാശകാരിണിയും രക്ഷകിയും ആണ്.

ഇന്ന് ഇലന്തൂരിൽ

രാവിലെ 9 ന് ​ കുങ്കുമാഭിഷേകം
രാത്രി 8 ന് ​ സംഗീതകച്ചേരി
11 ന് തൻകര പടയണി