elephant
ഗജരാജൻ ജയചന്ദ്രൻ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട നാളെ നടക്കും. പള്ളിവേട്ട ദിവസം രാത്രിയിലെ സേവ, ആറാട്ടെഴുന്നള്ളത്ത് എന്നീചടങ്ങുകൾക്ക് ഭഗവാന്റെ തിടമ്പേറ്റാൻ ഇത്തവണ എത്തുന്നത് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നായ തൃക്കടവൂർ ശിവരാജുവാണ്. ഉത്സവനാളുകളിൽ ശ്രീവല്ലഭദാസൻ ഗജരാജൻ ജയചന്ദ്രന്റെ സ്മരണകളിലാണ് തിരുവല്ല നിവാസികൾ. പത്താമത്തെ വയസ്സിലാണ് ജയചന്ദ്രൻ ശ്രീവല്ലഭദാസനായെത്തുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രങ്ങളിൽ ഏറ്റവുമധികം എഴുന്നള്ളത്തു നടത്തിയത് അക്കാലത്ത് ജയചന്ദ്രനും ആറന്മുള രഘുനാഥനുമായിരുന്നു. ഗജലോകത്തെ സർവ ലക്ഷണങ്ങളുമൊത്ത സൗമ്യശീലനായ ജയചന്ദ്രനെ മദപ്പാടിലും അവശതയിലും എഴുന്നെള്ളിക്കാമായിരുന്നു. ഉത്സവത്തിന് രോഗാവസ്ഥയിലും ജയചന്ദ്രൻ ശ്രീവല്ലഭന്റെ തിടമ്പേറ്റിയിരുന്നത് ആനപ്രേമികൾക്ക് മറക്കാനാകില്ല. കൂട്ടാനകൾ കുത്തിയപ്പോൾപ്പോലും പ്രതികരിക്കാതെ ശാന്തസ്വഭാവത്തോടെ നിന്നു. കാവുംഭാഗത്തുവച്ച് സ്വകാര്യ ബസ് തട്ടിയപ്പോഴും ശാന്തനായി നിന്നതേയുള്ളൂ. ക്ഷേത്രവളപ്പിൽ അഴിച്ചുവിട്ടിരുന്ന ജയചന്ദ്രൻ വളപ്പിലെ പുല്ലു തിന്നുകഴിഞ്ഞത് ഭക്തർ ഓർമിക്കുന്നു. 1997ൽ രോഗാവസ്ഥ മൂർച്ഛിച്ചതോടെ ഒരു വർഷക്കാലം ആയുർവേദ - അലാേപ്പതി ചികിത്സകൾക്കായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശങ്കരമംഗലത്തുമഠത്തിലെ വളപ്പായിരുന്നു താവളം. 2000ലെ ഉത്സവത്തിന് ജയചന്ദ്രനെ എഴുന്നെളളിച്ചില്ല. ശാസ്താനടയ്ക്കു പിന്നിലെ പുളിയുടെ ചുവട്ടിലായിരുന്നു അവസാനകാലത്ത് ജയചന്ദ്രനെ തളച്ചിരുന്നത്. ജയചന്ദ്രന്റെ വിയോഗത്തോടെ ആ പുളിമരം ഉണങ്ങിപ്പോയി. 2000 ഏപ്രിൽ 15 ശനിയാഴ്ച ദ്വാദശിനാളിൽ വൈകുന്നേരം 5.20ന് 62-ാമത്തെ വയസ്സിൽ ജയചന്ദ്രൻ വിഷ്ണുപാദം പൂകി. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ജയചന്ദ്രന്റെ കൊമ്പുകൾ ബലിക്കല്പുരയിൽ വയ്ക്കണമെന്നതും ജയചന്ദ്രന് യുക്തമായ സ്മാരകം നിർമ്മി​ക്കണമെന്നതുമായ ഭക്തജനാഭിലാഷങ്ങൾ ഇപ്പോഴും പാലിക്കപ്പെട്ടി​ട്ടി​ല്ല.