പെരിങ്ങനാട് : കെട്ടുരുപ്പടികൾ നിരന്നപ്പോൾ ഭക്തിയുടെ പാരമ്യതയിൽ കുംഭച്ചൂട് മറന്ന് എത്തിയ പുരുഷാരത്തെക്കൊണ്ട് പെരിങ്ങനാട് തൃച്ചേന്ദമംഗലത്തെ കാഴ്ച്ചപ്പറമ്പ് നിറഞ്ഞു. മാനത്തോളം ഉയരത്തിൽ കെട്ടിയൊരുക്കിയ കുതിരകളും പടുകൂറ്റൻ ഇരട്ടക്കാളകളും കാഴ്ച്ചപ്പറമ്പിൽ നിരന്നതോടെ വാദ്യമേളങ്ങളും മഹാദേവസ്തുതികളും അലയടിച്ചുയർന്നു. വെള്ളയും പട്ടും പൊതിഞ്ഞ ഭീമാകാരങ്ങളായ ഇരട്ടക്കാളകളും നിറപ്പൊട്ടുകൾ വാരിയണിഞ്ഞ അംബരചുംബികളായ പടുകൂറ്റൻ കുതിരകളും നൂറ് കണക്കിന് എടുപ്പ് കാളകളും കാഴ്ചക്കാരുടെ മനസിലേക്ക് ചുവടുവച്ചു. എരുക്കുംപൂമാല ചാർത്തിയ സുവർണ്ണ ശോഭയാർന്ന ഇരട്ട ജീവിതയിൽ എഴുന്നെള്ളിയ മഹാദേവൻ അനുഗ്രഹം ചൊരിഞ്ഞ് നീങ്ങുന്നത് ഭക്തർക്ക് ദർശനപുണ്യമായി.
മഹാദേവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വിവിധ കരകളിൽ നിന്ന് ഗ്രാമീണപാതകളിലൂടെ ആടിയുലഞ്ഞെത്തിയ കെട്ടുകാഴ്ചയുടെ വരവ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ചു. തലയിൽ കെട്ടും വെൺചാമരവും കഴുത്തിൽ നിറയെ ഓട്ടുമണികളും ജമന്തി മാലയും ചാർത്തിയ കെട്ടുകാളകൾക്ക് മുന്നിൽ ഉണ്ടായിരുന്ന ചെണ്ടമേളവും പഞ്ചവാദ്യവും പഞ്ചാരിമേളും ശിങ്കാരിമേളവും ഉത്സവത്തിന് താളക്കൊഴുപ്പേകി. വൈകിട്ട് നാലോടെ കെട്ടുരുപ്പടികൾ ക്ഷേത്രപരിസരത്ത് എത്തി. നാലരയോടെ കരക്കാർ ശാസ്താക്ഷേത്രത്തിന് മുന്നിലെത്തി നാളികേരം ഉടച്ച് കരപറഞ്ഞ് കളഭം വാങ്ങിയതോടെ പത്തുകരകൾക്കും നാഥനായ മഹാദേവരുടെ ആറാട്ടെഴുന്നെള്ളത്ത് ആരംഭിച്ചു. ക്ഷേത്രഗോപുരത്തിന് മുൻവശത്ത് കരമുറപ്രകാരം കെട്ടുരുപ്പടികൾ ഒന്നൊന്നായി നിരന്നു. ഇതോടെ മഹാദേവർ ഓരോ കെട്ടുരുപ്പടികളുടെയും അടുത്തെത്തി അനുഗ്രഹം ചൊരിഞ്ഞു. കരക്കാർ കെട്ടുരുപ്പടികൾ എടുത്തുയർത്തി എതിരേറ്റു. തുടർന്ന് കെട്ടുരുപ്പടികൾ കാഴ്ച പറമ്പിലേക്ക് നീങ്ങി, ഈ സമയം മഹാദേവരും എഴുന്നെള്ളിയെത്തിയതോടെ കാഴ്ചപ്പറമ്പ് ജനസമുദ്രമായി മാറി. സൂര്യശോഭയുടെ പൊൻതിളക്കമേറ്റ് വാദ്യമേളങ്ങളുടെ ചടുലതാളത്തിൽ നീങ്ങിയ ജീവിതയും വർണ്ണങ്ങൾ വാരിയണിഞ്ഞ കെട്ടുരുപ്പടികളും ആയിരങ്ങൾക്ക് വർണ്ണക്കാഴ്ച ഒരുക്കി. കാഴ്ചപറമ്പിന് പടിഞ്ഞാറുള്ള ആറാട്ട് കുളത്തിലേക്ക് നീങ്ങിയ മഹാദേവർക്ക് കെട്ടുകാഴ്ച്ചകൾ അകമ്പടിയായി.