ഉത്തരപ്പള്ളിയാറ് പുനരുജ്ജീവനത്തിന് പ്രഥമ പരിഗണന

ചെങ്ങന്നൂർ: സംസ്ഥാന ബഡ്ജറ്റിൽ ചെങ്ങന്നൂരിന്റെ വികസന പ്രവർത്തനങ്ങൾക്കായി 400 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നദീ പുനരുജ്ജീവനവും സാംസ്‌കാരിക രംഗവുമടക്കം ചെങ്ങന്നൂരിന്റെ വിവിധ മേഖലകൾക്ക് സംസ്ഥാന ബഡ്ജറ്റിൽ മുന്തിയ പരിഗണനയാണ് ലഭിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഒഴിക്കുനിലച്ച ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിന് ബഡ്ജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. വരട്ടാറ് പുനരുജ്ജീവനത്തിന്റെ രണ്ടാംഘട്ടത്തോടൊപ്പം വെണ്മണി, ആല, പുലിയൂർ പഞ്ചായത്തുകളെ ജലസമൃദ്ധമാക്കിയിരുന്ന ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പും യാഥാർത്ഥ്യമാകും. ഈ പ്രദേശങ്ങളിലെ കാർഷിക രംഗത്തിനും പദ്ധതി കുതിപ്പേകും. ഒപ്പം മാന്നാർ ഇലമ്പനംതോട് നവീകരണവും നടത്തും .
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരണത്തിന് തുക വകയിരുത്തി. ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസും യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രവും വ്യാപാര സ്ഥാപനങ്ങളുമുള്ള കെട്ടിട സമുച്ചയം നിർമ്മിക്കും.
ചെങ്ങന്നൂരിന് സാംസ്‌കാരിക രംഗത്ത് പെരുമ നൽകിയ കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂരിന് സ്മാരകം നിർമ്മിക്കും.
കായികരംഗത്ത് മാന്നാർ ഈസ്റ്റ് വെൽഫെയർ എൽ.പി സ്‌കൂൾ സ്റ്റേഡിയം, മുളക്കുഴ കൊഴുവല്ലൂർ പഞ്ചായത്ത് സ്റ്റേഡിയം എന്നിവയിൽ ടർഫുകൾ നിർമ്മിക്കും.
മാന്നാർ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കും. ചെന്നിത്തല ചില്ലിത്തുരുത്ത്, ചെന്നിത്തല ഈഴക്കടവ് , ബുധനൂർ ഉളുന്തി പാലങ്ങളുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. റീബിൽഡ് കേരള, കിഫ്ബി എന്നിവ വഴി വിവിധ വകുപ്പുകളിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാന്നാർ ചെങ്ങന്നൂർ പൈതൃക ഗ്രാമപദ്ധതി, പമ്പ, അച്ചൻ കോവിൽ നദികളുടെ നവീകരണം എന്നിവയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.