ചെങ്ങന്നൂർ: മുളക്കുഴയിൽ കെ-​റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന യു.ഡി.എഫിനെ തുരങ്കംവച്ച് ജനശ്രദ്ധ തിരിക്കാൻ സി.പി.എം ശ്രമിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പത്രസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം നിലവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നാട്ടുകാർ ഒറ്റക്കെട്ടായാണ് പദ്ധതിയെ എതിർക്കുന്നത്. വികസനം യു.ഡി.എഫ് അട്ടിമറിക്കുകയാണെന്ന ആരോപണമുയർത്തി ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പദ്ധതി പ്രദേശത്ത് പൊലീസിന്റെ കിരാത പ്രവർത്തനമാണ് നടത്തുന്നത്. ഒരു നോട്ടീസ് പോലും നൽകാതെ പുരയിടത്തിൽ അതിക്രമിച്ചു കയറുന്ന ഉദ്യോഗസ്ഥ സംഘം വ്യക്തമായ മറുപടി നൽകാതെ പൊലീസിനെ ഉപയോഗിച്ച് സ്ത്രീകൾ അടക്കമുള്ളവരെ മൃഗീയമായി വലിച്ചിഴച്ചു മാറ്റി കല്ലിടുകയാണ്. അസഭ്യവും ഭീഷണിയും ബലപ്രയോഗവുമാണ് പൊലീസിന്റെ ശൈലി. ഇതിന് ചെങ്ങന്നൂർ ഇൻസ്‌​പെക്ടർ ജോസ് മാത്യുവാണ് നേതൃത്വം നൽകുന്നത്. ഇൻസ്‌​പെക്ടറെ സസ്‌​പെൻഡ് ചെയ്യണം. ജനപ്രതിനിധിയായ എം.പി.യെ പോലും അവഗണിക്കുന്ന നിലപാടാണ് ഇൻസ്‌​പെക്ടർ സ്വീകരിച്ചത്. ഇതിനെതിരെ 14 ന് ലോക്‌​സഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് എം.പി. പറഞ്ഞു.