പന്തളം:പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷൻ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ 10ന് മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് മുൻമന്ത്രി പന്തളം സുധാകരനും 12 ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും.
പോപ്പുലർ ഫിനാൻസ് അടച്ചുപൂട്ടിയപ്പോൾ നിക്ഷേപകരെ സഹായിക്കാനായി നിയമിച്ച കോംപിറ്റന്റ് അതോറിറ്റിയുടെ പ്രവർത്തനം കൃത്യമായി നടക്കാത്തതിനാൽ പുതിയ ആളെ നിയമിക്കണം.. ബഡ്‌സ് ആക്ട് നിയമപ്രകാരം കോടതികൾ സ്ഥാപിച്ച് നിക്ഷേപകർക്കു ക്ലെയിം ചെയ്യാനുള്ള സൗകര്യം ഒരുക്കണം.
നശിച്ചുകൊണ്ടിരിക്കുന്ന ആഡംബര കാറുകളുൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കൾ പെട്ടെന്നു ലേലം ചെയ്തു പണം ട്രഷറിയിൽ നിക്ഷേപിക്കുകയോ, ആദ്യ ഗഡുവായി നിക്ഷേപകർക്കുവീതിച്ചു നൽകുവാനും നടപടികൾ സ്വീകരിക്കണം.
സി.ബി.ഐ, ഇ.ഡി, എസ്.എഫ്.ഐ.ഐ.ഒ തുടങ്ങിയ ഏജൻസികളുടെ അന്വേഷണങ്ങൾ ഏകോപിപ്പിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേഗത്തിലാക്കണം.
പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, പന്തളം ഏരിയ കോഓർഡിനേറ്റർ പി.പി. ജോൺ, ഫാ. ഡാനിയേൽ പുല്ലേലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.