
പത്തനംതിട്ട: താഴെ വെട്ടിപ്പുറം പൂവൻപാറ കാവിന് സമീപമുള്ള ഫർണീച്ചർ നിർമ്മാണ യൂണിറ്റ് കത്തിനശിച്ചു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. താഴെ വെട്ടിപ്പുറം മണ്ണിൽ എം. അശോക് കുമാറിന്റെ മണ്ണിൽ ഫർണീച്ചർ നിർമ്മാണ യൂണിറ്റിനാണ് തീ പിടിച്ചത് . ഈ
സമയം ആരും ഇവിടെ ഉണ്ടായിരുന്നില്ല. വലിയശബ്ദംകേട്ട് ഉണർന്ന നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.
പത്തനംതിട്ടയിൽ നിന്ന് മൂന്ന് യൂണിറ്റും കോന്നിയിൽ നിന്ന് ഒരു യൂണിറ്റും എത്തി. അഞ്ചര മണിക്കൂർ കൊണ്ടാണ് തീയണച്ചത്. കടയുടെ സമീപത്തായി നിരവധി വീടുകളുണ്ട്. ഒരു കടയുടെ പിന്നിലായി വശത്തേക്ക് തീ പടർന്നെങ്കിലും വേഗത്തിൽ തീയണച്ചതിനാൽ അപകടം ഒഴിവായി. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ഫർണീച്ചറുകളും ഉപകരണങ്ങളും കത്തി നശിച്ചു. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് ഫർണിച്ചർ നിർമ്മിച്ചുകൊടുക്കുന്ന് സ്ഥാപനമാണിത്. പഴയ തടി ഉരുപ്പടികളാണ് അധികവും ഉണ്ടായിരുന്നത്. രാത്രി 9.30 ന് ഷെഡിന്റെ മദ്ധ്യഭാഗത്ത് തീ കണ്ട് പരിസരത്തുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടമ എത്തി തീ അണച്ചിരുന്നു. ഏകദേശം 20 ലക്ഷം രൂപായുടെ നഷ്ടം സംഭവിച്ചതായി അശോക് കുമാർ പറഞ്ഞു. സംഭവസ്ഥലം ജില്ലാ പൊലീസ് മേധാവിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സന്ദർശിച്ചു .അശോക് കുമാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോ തീയിട്ടതാണെന്നാണ് സംശയിക്കുന്നതായി ഉടമ പറഞ്ഞു.