
പള്ളിക്കൽ :ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ കന്നുകാലികൾക്കൊപ്പം കഴിയുകയാണ് ഇൗ കുടുംബം. വാസയോഗ്യമായ ഒരു വീടിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് അവർ. പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡിൽ കള്ളപ്പൻച്ചിറ ജംഗ്ഷന് പടിഞ്ഞാറ് പുത്തൻവീട്ടിൽ സുരേഷിന്റെ കുടുംബത്തിനാണ് ഈ ദുർഗതി. ഭാര്യ പ്രസന്നയും മകൻ അരു
ണും പശുക്കളും ആടുകളുമാണ് വീട്ടിലുള്ളത്.
പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഇവിടെത്തന്നെ. മൃഗങ്ങളുടെ മൂത്രവും ചാണകവും ദേഹത്തേക്ക് തെറിക്കും. മൃഗങ്ങളെ കെട്ടുന്നിടത്തുനിന്ന് ഇവർ കിടക്കുന്നിടത്തേക്ക് വാതിലിൽ ഒരു പലക ചാരിയിട്ടുണ്ട്. അതാണ് മറവ് . വെട്ടുകല്ല് കെട്ടി ഷീറ്റിട്ട 50 വർഷത്തിലധികം പഴക്കമുള്ള വീടാണ്. കന്നുകാലികളെ വളർത്തിയാണ് ജീവിക്കുന്നത്. ആറുമാസം മുൻപ് ശക്തമായ മഴയിൽ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഭിത്തി ഇടിഞ്ഞു വീണതോടെയാണ് തൊഴുത്തും വീടും ഒന്നായത്. ആടുകളെ നേരത്തെ തന്നെ ഒരു മുറിയിലാണ് കെട്ടിയിരുന്നത്. പുറംഭിത്തി പൂർണമായും ഇടിഞ്ഞുവീണതിനാൽ ഇപ്പോൾ പൂർണമായും തുറന്നുകിടക്കുകയാണ്. പട്ടിയും പഴുതാരയും പാമ്പും കയറിവരും. 10 സെന്റ് സ്ഥലമുണ്ട്. നല്ലൊരു വീടിനായി വർഷങ്ങളായി മുട്ടാത്ത വാതിലുകളില്ല. വീട് ഇടിഞ്ഞുവീണപ്പോൾ യൂത്ത്കോൺഗ്രസ് പ്രവർത്തകർ താത്കാലിക ഷെഡ് നിർമ്മിക്കാൻ തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. വീട്ടിലേക്ക് നടവഴി മാത്രമാണുള്ളത്. സ്വന്തമായി വീടുപണിയാൻ ശേഷിയില്ലാത്ത കുടുംബം സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയാണ്.