
അടൂർ : കാട്ടുപന്നികളുടെ കടന്നാക്രമണത്തിൽ നിന്ന് കൃഷി വിളകളെ സംരക്ഷിക്കാൻ പ്രതിരോധവേലി നിർമ്മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കടന്നുകയറി നാശനഷ്ടങ്ങൾ വരുത്തുന്നതിന് പരിഹാരം കാണാൻ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ 25 ഗ്രാമ പഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും പങ്കുചേരാൻ തയാറായി പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കാട്ടുപന്നികളെ തടഞ്ഞു നിറുത്താൻ ശേഷിയുള്ള പ്രത്യേകതരം കമ്പിവേലി സ്ഥാപിക്കുന്നതിനുവേണ്ടിവരുന്ന ചെലവിന്റെ 50 ശതമാനം തുക ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ ചേർന്ന് കർഷകന് നല്കും. എൻജിനീയർമാർ അളന്നുതിട്ടപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലുള്ള ചെലവിന്റെ പഞ്ചായത്തു വിഹിതമാണ് സബ്സിഡിയായി നൽകുന്നത്. ബാക്കിത്തുക ഗുണഭോക്താവ് വഹിക്കണം. ഈ പദ്ധതിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് 75 ലക്ഷം രുപ നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ പ്രത്യേകം തുക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 600 ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാൻ വേണ്ടി ആകെ ഒന്നരക്കോടി രൂപയുടെ പദ്ധതി അടങ്കൽ അംഗീകരിച്ചിട്ടുണ്ട്. വേലി നിർമ്മാണത്തിന് സന്നദ്ധരായ കർഷകർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. ഏനാദിമംഗലം പൂതങ്കരയിൽ ശിവശങ്കരപിള്ളയുടെ 70 സെന്റ് പുരയിടത്തിന് ചുറ്റും വേലി നിർമ്മിച്ച സ്ഥലത്തായിരുന്നു ഉദ്ഘാടനം . പഞ്ചായത്ത് നടപ്പാക്കുന്ന ഇടവിളകൃഷി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ പ്രഭ, എം.പി. മണിയമ്മ, അഡ്വ. ആർ.ബി. രാജീവ്കുമാർ, ഉദയരശ്മി, എസ്. മഞ്ജു, ലക്ഷ്മി ജി നായർ, സി.പി.എംജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി. ഷീല എന്നിവർ സംസാരിച്ചു.
--------------------
പദ്ധതിയിൽ
25 ഗ്രാമപഞ്ചായത്തുകൾ
5 ബ്ളോക്കോ പഞ്ചായത്തുകൾ
75 ലക്ഷം രൂപ ചെലവ്