
പത്തനംതിട്ട: ആറന്മുള, കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി മാതാജി ഗുരുപൂർണിമാമയിയെ സമാധിയിരുത്തി. 95 വയസായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നിന് വിജയാനന്ദാശ്രമവളപ്പിൽ നടന്ന ചടങ്ങിൽ വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ കാർമ്മികത്വം വഹിച്ചു.
വിജയാനന്ദ ഗുരുദേവന്റെ ശിഷ്യരിൽ പ്രധാനിയായിരുന്നു. വി.എസ്.വി.എം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും വിജയാനന്ദാശ്രമ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമാണ്.
പൂർവാശ്രമത്തിൽ രാസമണിഅമ്മ എന്നായിരുന്നു പേര്. നാലാം വയസിലാണ് വിജയാനന്ദ ഗുരുദേവനെ കാണുന്നത്. ഏഴാം വയസിൽ മന്ത്രദീക്ഷ സ്വീകരിച്ചു. തുടർന്ന് ബി.എസ്‌സി, ബി.എഡ് ബിരുദങ്ങൾ നേടിയ ശേഷം 30 വർഷം കിടങ്ങന്നൂർ എസ്.വി.ജി.വി ഹൈസ്‌കൂളിലെ അദ്ധ്യാപികയായും പിന്നീട് പ്രധാന അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു.
ഹയർ സെക്കൻഡറി, ബി.എഡ് സെന്റർ എന്നിവ തുടങ്ങുന്നതിന് മുഖ്യപങ്കു വഹിച്ചു. വിജയാനന്ദ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ പ്രവർത്തക, ആദ്ധ്യാത്മിക പ്രഭാഷക, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു. 2020ലാണ് വിജയാനന്ദാശ്രമം മഠാധിപതിയായി ചുമതലയേറ്റത്. തിരുവല്ല കുറ്റൂർ കോണത്ത് കുടുംബാംഗമാണ്.
മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മലങ്കര കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, എൻ.എസ്.എസ്. രജിസ്ട്രാർ പി.എൻ. സുരേഷ്, ആർ.എസ്.എസ് സ്ഥാന പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.