temple
ശ്രീവല്ലഭമഹാക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള സേവയ്ക്കു ദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ചട്ടം അലങ്കരിക്കുന്നു.

തിരുവല്ല: ഭക്തിയോടെ നാമജപം നടത്തണമെന്നും അതുവഴി ലഭിക്കുന്ന ആത്മനിർവൃതിയാണ് സാക്ഷാൽ ദൈവാനുഗ്രഹമെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ചുള്ള സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്കാരം പ്രധാനമായി സ്നേഹത്തിൽ അധിഷ്ഠിതമാണ്. ഭക്തിയാണ് മനസിൽ സദാനിറഞ്ഞു നിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി സെൻട്രൽ ഗവ.കൗൺസിൽ അഡ്വ.സുഭാഷ് ചന്ദ് മുഖ്യപ്രഭാഷണം നടത്തി. ശ്രീവല്ലഭക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ മുഖ്യാതിഥിയായി. നഗരസഭാംഗങ്ങളായ ശ്രീനിവാസ് പുറയാറ്റ്, റീനാ വിശാൽ, വിമൽ ജി, അഡ്ഹോക് കമ്മിറ്റി ജോ.കൺവീനർ വി.ശ്രീകുമാർ കൊണ്ടരേട്ട്, അംഗം മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.

പള്ളിവേട്ട ഇന്ന്

ഉത്സവത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് പള്ളിവേട്ട നടക്കും. ശ്രീഭൂതബലിയോടുകൂടി ഭഗവാൻ ശ്രീവല്ലഭസ്വാമിയും ശ്രീസുദർശനമൂർത്തിയും പള്ളിവേട്ടയ്ക്ക് എഴുന്നെള്ളും. വാദ്യമേളങ്ങളൊന്നുമില്ലാതെ ഗോവിന്ദൻ കുളങ്ങര ക്ഷേത്രംവഴി പളളിവേട്ട ആൽത്തറയിലെത്തുന്ന ഭഗവാന്റെ അംഗരക്ഷകാവകാശമുള്ള അഞ്ചേരിയിൽ കുറുപ്പ് നായാട്ടുവിളി നടത്തി ക്ഷേത്രാധികാരിയിൽനിന്നും ആചാര്യദക്ഷിണ വാങ്ങും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവന്മാരെ ഗോവിന്ദൻകുളങ്ങര ക്ഷേത്രംവഴി എഴുന്നെള്ളിച്ച് ശ്രീവല്ലഭക്ഷേത്രത്തിന്റെ മുൻപിലുള്ള സ്വീകരണപ്പന്തലിൽ എത്തുമ്പോൾ ഭക്തജനങ്ങൾ ക്ഷേത്രാചാരമര്യാദകളാേടെ സ്വീകരിക്കും. സ്വീകരണത്തിനുശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പ്രദക്ഷിണം കഴിഞ്ഞു അകത്തെഴുന്നെള്ളിച്ച് പള്ളിക്കുറുപ്പുകൊള്ളുന്നു.