മല്ലപ്പള്ളി : ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണി മലയാറിന് കുറുകെ ചിറക്കൽ പാറയിൽ പുതിയ പാലത്തിന് അനുമതി. പാലം നിർമ്മാണത്തിന് സംസ്ഥാനബഡ്ജറ്റിൽ 13 കോടി രൂപ അനുവദിച്ചു. ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇതോടെ സഫലമാകുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ വിദ്യാർത്ഥികളടക്കം ദുരിതമനുഭവിച്ചിരുന്ന നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ലഭിക്കും. വടകര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും കടത്ത് വള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. കടത്ത് വല്ലപ്പോഴും മാത്രമാണ് ഉണ്ടായിരുന്നതും. കടത്തില്ലാത്തപ്പോൾ കിലോമീറ്ററുകൾ യാത്ര ചെയ്യണം. ഇതിനും പരിഹാരമാകും. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ.ജയരാജ്, റാന്നി എം.എൽ.എ പ്രമോദ് നാരായണന്റെയും നിർദ്ദേശത്തെ തുടർന്നാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.
- 13 കോടി അനുവദിച്ചു