കോന്നി: ദേവീസ്തുതികളും മന്ത്രോച്ചാരണങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് 7.35 നും 8. 35 നും ഇടയിൽ തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാടിന്റെ പ്രതിനിധി നവനീത് കൃഷ്ണൻ പോറ്റിയാണ് കൊടിയേറ്റിയത്. മേൽശാന്തി പി.കെ. വാസുദേവൻ നമ്പുതിരി സഹകർമ്മികനായി. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ചരളേൽ തുടങ്ങിയവർ പങ്കെടുത്തു. ആറ്റുകാലിൽ രാധാകൃഷ്‌ണനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും നടന്നു. രാവിലെ നടന്ന മലയാലപ്പുഴ പൊങ്കാലയ്ക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഭദ്രദീപം തെളിച്ചു. നവനീത് കൃഷ്ണൻ പോറ്റി പണ്ടാര അടുപ്പിൽ അഗ്നി പകർന്നു ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ, ദേവസ്വം ഡെപ്യുട്ടി കമ്മിഷണർ ജി. ബൈജു, അസിസ്റ്റന്റ് കമ്മിഷണർ കെ.എസ്. സൈനുരാജ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എം.രവികുമാർ, ക്ഷേത്ര അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായ ഡി.ശിവദാസ്, രവീന്ദ്രൻ കാരുവള്ളിൽ, പ്രമോദ് താന്നിമൂട്ടിൽ, മോഹനൻ കുറിഞ്ഞിപ്പുഴ, ബിജു കോഴികുന്നത്ത് എന്നിവർ പങ്കെടുത്തു. കൊവിഡ് മൂലം ഇത്തവണത്തെ പൊങ്കാല പണ്ടാര അടുപ്പിൽ പൊങ്കാല നിവേദ്യം സമർപ്പിക്കുന്ന ചടങ്ങായി ചുരുക്കിയിരുന്നു. വൈകിട്ട് നാദസ്വര കച്ചേരിയും സോപാനസംഗീതവും നടന്നു. തിരുവിതാംകൂർ ദേവസ്വം അംഗം മനോജ് ചരളേൽ കലാവേദി ഉദ്ഘാടനം ചെയ്തു. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ , ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.രവികുമാർ തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് ഭക്തിഗാനസുധ, പാഠകം എന്നിവയും നടന്നു.