 
കോന്നി : മലയാലപ്പുഴ ഏറം പോസ്റ്റ് ഓഫീസിനുവേണ്ടി പുതുക്കുളം ജംഗ്ഷനിൽ മലയാലപ്പുഴ പഞ്ചായത്ത് വാങ്ങി പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് നൽകിയ സ്ഥലം നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. വാടകക്കെട്ടിടത്തിൽ നിന്ന് മലയാലപ്പുഴ ഏറം പോസ്റ്റ് ഓഫീസിനു മോചനം നൽകാൻ നാട്ടുകാർ ചേർന്ന് പണംപിരിച്ചാണ് പുതുക്കുളം ജംഗ്ഷനിൽ 16 സെന്റ് സ്ഥലം സെന്റിന് 400 രൂപ നിരക്കിൽ ഹാരിസൺസ് മലയാളം പ്ലന്റേഷന്റെ കുമ്പഴ തോട്ടത്തിൽ നിന്ന് വാങ്ങിയത്. എൻ.എൻ.സദാനന്ദൻ മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹാരിസൺസ് കമ്പനിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിലെത്തി ചർച്ചകൾ നടത്തിയാണ് സ്ഥലം വാങ്ങി പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് കൈമാറിയത്. തുടർന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കെട്ടിടം പണിയാൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് കഴിഞ്ഞല്ല. മലയാലപ്പുഴ ഏറം പോസ്റ്റ് ഓഫീസിന്റെ കീഴിലാണ് ചെങ്ങറ, തലച്ചിറ പോസ്റ്റ് ഓഫീസുകൾ. പഞ്ചായത്ത് സ്ഥലം വാങ്ങി നൽകിയ സ്ഥലത്തോട് ചേർന്നുള്ള പഞ്ചായത്തിന്റെ സ്ഥലത്ത് സാംസ്‌കാരിക നിലയവും വായനശാലയും കളിസ്ഥലവും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റ്ഓഫീസ് ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഉപയോഗശൂന്യമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് ചുറ്റുമതിൽ നിർമ്മിച്ചു ഗേറ്റ് ഇട്ടിട്ടുണ്ട്. പൊന്തക്കാടുകൾ നിറഞ്ഞ സ്ഥലം ഇപ്പോൾ ഇഴജന്തുക്കളുടെ താവളമാണ്.
സ്ഥലം പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെതാണെന്നും അനുവാദം കൂടാതെ അകത്തുപ്രവേശിക്കരുതെന്നും കാണിച്ചു ഇവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. നാൽപ്പതു വർഷങ്ങളായി ഉപയോഗിക്കാനാവാതെ കിടക്കുന്ന സ്ഥലം തപാൽവകുപ്പ് തിരികെ മലയാലപ്പുഴ പഞ്ചായത്തിന് കൈമാറിയാൽ പ്രയോജനപ്പെടുത്താനാകും.