തിരുവല്ല: കായംകുളം -തിരുവല്ല റോഡിലെ മണിപ്പുഴയിൽ ഓടിവന്ന കാറിന് തീ പിടിച്ചു. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെൻ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന്റെ അടിയിൽ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികർ പറഞ്ഞു. തുടർന്ന് കാർ നിറുത്തി രാമകൃഷ്ണൻ പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. പമ്പ് ജീവനക്കാർ ചേർന്ന് പമ്പിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് തീയണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.