അടൂർ: പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയും തിരുമുടി എഴുന്നള്ളത്തും ഭക്തി സാന്ദ്രമായി. നാല് ഇരട്ടക്കാളകളും വൈവിധ്യങ്ങളായ ഫ്ളോട്ടുകൾ, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ കെട്ടുകാഴ്ചയ്ക്ക് കൊഴുപ്പേകി. വിവിധ വാർഡുകളിൽ നിന്ന് ഭഗവതിക്ക് തിരുമുൽക്കാഴ്ചയായി സമർപ്പിക്കാനെത്തിയ കെട്ടുരുപ്പടികൾ വൈകിട്ട് അഞ്ചരയോടെ ക്ഷേത്രത്തിന് വടക്കുഭാഗത്തായി അണിനിരന്നു. തുടർന്ന് വേലകളി, പഞ്ചവാദ്യം, കൊടി, കുട, തഴ, ചാമരം എന്നിവയുടെ അമ്പടിയോടെ ഭഗവതി ജീവതയിൽ എഴുന്നെള്ളിയതോടെ ദേവീ സന്നിധി ആവേശവും അതിലേറെ ഭക്തിലഹരിയിലുമായി. എഴുന്നള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച ശേഷം മഠത്തിലേക്ക് എഴുന്നളളി. തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങുംവഴി കെട്ടുരുപടികൾക്ക് മുന്നിലെത്തി ആനന്ദനൃത്തമാടി. രാത്രി പതിനൊന്നരയോടെ മുടിപ്പേച്ചിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. ഗുരുസിപ്പുരയിൽ പച്ച, കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള പൊടി കൊണ്ട് കളം വരച്ച് നെല്ല്, വസ്ത്രം, ഉണക്കലരി, നാളീകേരം, ദർഭ എന്നിവയാൽ അലങ്കരിച്ച് അവിടേക്ക് പീഠം വെച്ച് ഭദ്രകാളിയെ ആവാഹിച്ച് പൂജ നടത്തി. ഇതിനു ശേഷം എതിരേൽപ്പ് എഴുന്നെള്ളത്തിനായി പുറപ്പെട്ടു. ആൾപിണ്ടി, ചമയവിളക്ക്, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭൂതഗണങ്ങൾക്കൊപ്പം എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരികെയെത്തി. തുടർന്ന് ദൈരവീ ഭൈരവ നൃത്തവും തിരുമുടി എഴുന്നെള്ളിച്ചുള്ള പേച്ചും നടന്നു. മൂന്നു മണിയോടെ തിരുമുടി ക്ഷേത്രത്തിനു ചുറ്റും വലംവെച്ചശേഷം ഗുരുസിപ്പുരയിലെ പ്രത്യേക പീഠത്തിൽ എഴുന്നെള്ളിച്ചിരുത്തി. ഇന്ന് രാവിലെ മുതൽ പത്ത് മണിവരെ മുടി മുൻപിൽ പറയിടീൽ നടക്കും. തുടർന്ന് മാളികപ്പുരയിലേക്ക് എഴുന്നള്ളിക്കുന്ന തിരുമുടി അടുത്ത ഉത്സവത്തിന് മാത്രമാണ് പുറത്തേക്ക് എഴുന്നള്ളിക്കുക.