അടൂർ: ഓമല്ലൂർ വയൽ വാണിഭ ദീപശിഖ പ്രയാണ വിളംബര ഘോഷയാത്രയ്ക്ക് ആനന്ദപ്പള്ളി കർഷക സമിതിയുടെ അഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഇന്ന് തെക്കേവയലെന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂരിൽ നിന്നും ബൈജു ഓമല്ലൂർ, അഡ്വ.ജോൺസൻ വിളവിനാൽ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് 11.30നാണ് ആനന്ദപ്പള്ളി കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽ നാട്ടുകാർ സ്വീകരണം നൽകുന്നത്. കർഷക സമിതി പ്രസിഡന്റ് വർഗീസ് ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം റവ.പി ജി.കുര്യൻ പ്ലാങ്കാലായിൽ കോർ-എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും. റിട്ടയേഡ് അനിമൽ ഹസ്ബന്ററി ഡയറക്ടർ ഡോ.പി.സി യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തും. ഫാദർ.പ്രൊഫ.ജോർജ് വർഗീസ്, ഫാ.ഗീവർഗീസ് ബ്ലാഹേത്ത് എന്നിവർ സംസാരിക്കും.
ദീപശിഖ പ്രയാണ ചരിത്രം
കൊല്ലം ജില്ലയിലെ വെളിനല്ലൂരും പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ പ്രദേശവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഒരു കാളക്കൂറ്റന്റെ കഥയാണ് ഈ ബന്ധത്തിന് പിൻബലമായുള്ളത്. നൂറ്റാണ്ടുകൾക്കുമുൻപ് പ്രസിദ്ധമായ വെളിനല്ലൂർ തെക്കേവയൽ കാളച്ചന്തയിൽ നിന്ന് ഒരു കാളക്കൂറ്റൻ കെട്ടിയിരുന്ന പാലക്കുറ്റിയുമായി വിരണ്ടോടി. വളരെ ദൂരം ഒടി ഓമല്ലൂർ വയലിൽ എത്തിയ ആ കാളക്കൂറ്റനെ ഒരു കർഷകൻ അതേ പാലക്കുറ്റി നാട്ടി ഓമല്ലൂരിലെ വയലിൽ ബെന്ധിച്ചു. ആ പാലക്കുറ്റി പിന്നീട് വളർന്ന് വലിയ വൃക്ഷമായി. ഇതിന്റെ ചുവട്ടിൽ ആരംഭിച്ച കാലിച്ചന്തയാണ് പിന്നീട് പ്രസിദ്ധമായിതീർന്ന ഓമല്ലൂർ വയൽവാണിഭം എന്നാണ് ഐതിഹ്യം. കാള ഓടിവന്നതിന്റെ സ്മരണ നിലനിറുത്തലാണ് ദീപശിഖാ പ്രയാണം.