ചെങ്ങന്നൂർ : കെ - റെയിൽ കല്ലിടലിന്റെ ഭാഗമായി ജനങ്ങളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന പൊലീസ് നടപടി കനത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ജനങ്ങളുടെ വീടും വസ്തുവും കൈയേറി കല്ലിടുന്നവരെ എതിർക്കുന്നത് സ്വഭാവികമാണ്. ഇതിനെതിരെ വൈകാരികമായ പ്രതിഷേധം ആരുടെ ഭാഗത്തു നിന്നായാലും ഉണ്ടാകും. മാനസിക സംഘർഷത്തിൽ നിൽക്കുന്നവരെ അക്രമിച്ച് കീഴടക്കാനുള്ള പൊലീസിന്റെ ശ്രമം കേട്ടുകേൾവി പോലുമില്ലാത്തതാണ്. മുളക്കുഴ പഞ്ചായത്തിൽ കല്ലിടലുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ജനങ്ങളെ അക്രമിച്ച് കീഴ്‌പ്പെടുത്തി കെ-റെയിൽ പദ്ധതി നടപ്പിലാക്കാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ചെങ്ങന്നൂർ സി.ഐ.യുടെ നേതൃത്വത്തിലുള്ള കിരാത വാഴ്ച അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.