മല്ലപ്പള്ളി: ജില്ലയിൽ നിന്നുള്ള 7000 പട്ടയങ്ങൾക്കുള്ള തടസം വനംവകുപ്പിന്റെ നടപടികളിലെ പിശകാണെന്നു പൊന്തൻപുഴ സമരസമിതി. 1.1. 1977ന് മുൻപുള്ള വനം കൈയേറ്റം ക്രമവത്ക്കരിക്കുന്നതിനു കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിലെ പിശകാണ് ഇപ്പോൾ സംസ്ഥാനത്തിന് തിരിച്ചടിയായത്. വനത്തിൽ ഉൾപ്പെടാത്ത ഭൂമിയെ വനം എന്നവിധം കേന്ദ്രത്തിനു സമർപ്പിച്ച വനം വകുപ്പിന്റെ അനാസ്ഥ ജില്ലയിലെ 6362 കർഷക കുടുംബങ്ങളുടെ പട്ടയത്തിനാണ് കാലതാമസം വരുത്തുന്നത്. പട്ടികയിലെ തെറ്റ് പരിഹരിച്ച് നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമമാണ് സർക്കാർ ഭാഗത്തുനിന്നുണ്ടാവേണ്ടത്. മല്ലപ്പള്ളി താലൂക്കിൽ വനംകൈയേറിയ ഭൂമിയില്ലെന്നിരിക്കെ കരിയംപ്ലാവ് വലിയകാവ് പ്രദേശത്തുനിന്ന് 104.15ഹെക്ടർ ഭൂമി കേന്ദ്രനുമതിക്കുള്ള അപേക്ഷയിൽ തെറ്റായി ഉൾപ്പെടുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭാ കാലത്തു സർവേ നടത്തി ഈ തെറ്റ് കണ്ടെത്തിയെങ്കിലും അത് മറച്ചുവച്ചു നടപടികൾ പൂർത്തിയാക്കാൻ നോക്കിയതാണ് ഇപ്പോളത്തെ പ്രതിസന്ധികൾ കാരണമെന്ന് സമരസമിതി ആരോപിച്ചു.