ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളക്കുഴ പഞ്ചായത്തിലെ 11-ാം വാർഡിൽ കൊഴുവല്ലൂർ വട്ടമോടിയിൽ ഓമന (57) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാവിലെ 8നായിരന്നു സംഭവം. രാവിലെ വീട്ടുപടിക്കൽ നിൽക്കുകയായിരുന്ന ഓമനയെ സമീപത്തെ റബർ തോട്ടത്തിൽ നിന്നും ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ഇവരുടെ കാലിന് ഗുരുതര പരിക്കേറ്റു.ആലപ്പുഴ ജില്ലയുടെ കിഴക്കൽ അതിർത്തി ഗ്രാമമായ മുളക്കുഴ പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. പഞ്ചായത്തിലെ ആറാം വാർഡിൽ ബൈക്ക് യാത്രക്കാരായ അച്ഛനും മകനേയും കാട്ടുപന്നി ആക്രമിച്ചത് ഒരുമാസം മുൻപാണ്. കോട്ട കുടയ്ക്കാമരം കൊച്ചുതറയിൽ ഷിബു (41), മകൻ സൗരവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ലോഡിംഗ് തൊഴിലാളിയായ ഷിബുവിന്റെ തോളെല്ല് ഇളകുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു. സൗരവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്.

പരാതി നൽകിയിട്ടും ഫലമില്ല

കഴിഞ്ഞ ഒരു വർഷത്തിനുളളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പഞ്ചായത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പഞ്ചായത്ത് അധികൃതർക്കും വനംവകുപ്പിനും നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമില്ല. ജനവാസ മേഖല ആയതിനാൽ പന്നിയെ വെടിവച്ച് കൊല്ലുന്നത് അപകടകരമാണെന്നാണ് വനംവകുപ്പ് പറയുന്നത്.

കർഷകരും വലഞ്ഞു

കാട്ടുപന്നിയുടെ ആക്രമണത്തിൽ പഞ്ചായത്തിലെ കർഷകരും വലഞ്ഞിരിക്കുകയാണ്. കപ്പ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, വാഴ, തെങ്ങിൻ തൈ തുടങ്ങിയവ പന്നികൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ്. കാരക്കാട് കുടയ്ക്കാമരം കന്യാപുരയിൽ രവീന്ദ്രന്റെ വിളവെടുക്കാറായ 300മൂട് കപ്പ ഒറ്റരാത്രികൊണ്ടാണ് നശിപ്പിച്ചത്.

...........

പന്നിശല്യം രൂക്ഷമായതോടെ പ്രദേശത്തെ കർഷകരിൽ ഭൂരിപക്ഷവും കൃഷി ഉപേക്ഷിച്ചു. പന്നിയുടെ ശല്യം അവസാനിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി കാര്യക്ഷമായി ഇടപെടുന്നില്ല.

(നാട്ടുകാർ)