ldf
എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വികസന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂരിന്റെ വികസനം നടത്തേണ്ട എം.പി കൊടിക്കുന്നിൽ സുരേഷ് വ്യാജ പ്രചരണങ്ങളിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തടയുന്നതിന് യു.ഡി.എഫ്, ബിജെപി നേതൃത്വം ഒരുപോലെ ശ്രമിക്കുകയാണ്. വരട്ടാർ പുനരുജ്ജീവനം,അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, സമ്പൂർണ കുടിവെള്ള പദ്ധതി തുടങ്ങിയ നിരവധി പദ്ധതികൾക്കെതിരെ ഇവർ വ്യാജ പ്രചരണങ്ങൾ നടത്തുന്നു. കെ-റെയിൽ നിർമ്മാണ വിഷയത്തിൽ ഇരട്ടത്താപ്പു നയമാണ് കോൺഗ്രസ്, ബി.ജെ.പി കൂട്ടുകെട്ട് സ്വീകരിക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനു വേണ്ടി നടത്തിയ സർവേയെ ഇവർ നുണ പ്രചരണം നടത്തി പ്രദേശവാസികളെ പ്രതിഷേധ സമരത്തിനിറക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ചുമതല സർക്കാരിനുണ്ട്. അതിനാൽ ഭൂമി, കെട്ടിടം, കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് മികച്ച നഷ്ടപരിഹാരം പാക്കേജാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഗിരീഷ് ഇലഞ്ഞിമേൽ അദ്ധ്യക്ഷനായി. എം.ശശികുമാർ, അഡ്വ.ഉമ്മൻ ആലുംമ്മൂട്ടിൽ, പുഷ്പലതാ മധു.പി ഡി ശശിധരൻ, പി.ആർ പ്രദീപ് കുമാർ, ജി.ഹരികുമാർ, ശശികുമാർ ചെറുകോൽ, ടി.ടി.എം വർഗീസ്, സജി വളളവന്താനം, ടി.കെ ഇന്ദ്രജിത്ത്, ഏബ്രഹാം ഇഞ്ചക്കലോടി, മോഹൻ കൊട്ടരത്തു പറമ്പിൽ ഗിരീഷ്, എം.എച്ച് റഷീദ് എന്നിവർ സംസാരിച്ചു.